തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടന. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാല്‍ ചട്ടങ്ങളെക്കുറിച്ചും സര്‍വീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പിന്തുണ അറിയിച്ചത്. പൊതു സംഘടനകളുടേതും കാറ്റഗറി വിഭാഗങ്ങളുടേതുമടക്കം 43 സംഘടനാപ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസ് നിലവില്‍ വരുന്നതോടെ ഉയര്‍ന്നുവരുന്ന എല്ലാ വിഷയങ്ങള്‍ക്കും സമയോചിതമായി പരിഹാരം കാണുമെന്ന് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പുനല്‍കി.
പൊതു സര്‍വീസിലെ സാങ്കേതിക വിഭാഗങ്ങളുടെ സാങ്കേതികവും തൊഴില്‍പരവുമായ ചുമതല ആ വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള നിയമനം ഉള്‍പ്പെടെ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും പ്രമോഷനും സംരക്ഷിക്കുന്ന രീതിയിലാണ് ചട്ടം രൂപീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എച്ച് ദിനേശന്‍, ചീഫ് എഞ്ചിനീയര്‍ കെ ജോണ്‍സണ്‍, ചീഫ് ടൗണ്‍ പ്ലാനര്‍ കെ പ്രമോദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഡോ. വിപിപി മുസ്തഫ എന്നിവര്‍ സംസാരിച്ചു.