മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്‍ക്കീപ്പര്‍ കരണ്‍ജിത്തിന് മുന്നില്‍ കേരളം വഴങ്ങി. സൂപ്പര്‍ ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. 53ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മുതലെടുക്കാനായിരുന്നെങ്കില്‍ നിര്‍ണായക ജയം സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. കറേജ് പെക്കൂസണിന്റെ ഷോട്ട് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ് തട്ടിയകറ്റുകയായിരുന്നു. സമനിലയായെങ്കിലും പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. 17 മത്സരങ്ങളള്‍ പൂര്‍ത്തിയാക്കിയ ടീം 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. ഹോം ഗ്രൗണ്ടില്‍ സീസണില്‍ അഞ്ചാമത്തെ സമനിലയായിരുന്നു ഇന്നലത്തേത്. രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഇവിടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്.
ആദ്യപകുതിയില്‍ മികച്ച അവസരങ്ങളാണ് ഇരു ടീമിനും ലഭിച്ചത്. കറേജ് പെകൂസനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. തുടക്കത്തിലെ മെല്ലെപ്പോക്കിന് വിരാമമിട്ടതും പെക്കൂസന്‍ തന്നെ. സി.കെ വിനീതും എതിര്‍ ഗോള്‍മുഖത്ത് അപകടമുയര്‍ത്തി. കളി തുടങ്ങി ആദ്യത്തെ അവസരം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ചെന്നൈയിന്‍ ഗോള്‍മുഖത്ത് വച്ച് ദിമിതര്‍ ബെര്‍ബറ്റോവ് പെകൂസണ് പന്ത് നല്‍കി. 35വാര അകലെവച്ച് ഘാനക്കാരന്‍ തകര്‍പ്പന്‍ അടി പായിച്ചു. ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ്ങിന്റെ തൊട്ടുമുമ്പിലാണ് പന്ത് കുത്തിവീണത്. കരണ്‍ജിത് ആയാസപ്പെട്ട് പന്ത് തട്ടിയകറ്റി. പന്ത് ബോക്‌സിന്റെ ഇടതുമൂലയിലുള്ള വിനീതിലേക്കാണ് വീണത്. പക്ഷേ, വിനീതിന്റെ ശ്രമം പാഴായി. പന്ത് കാലില്‍തൊട്ടില്ല. മിനിറ്റുകള്‍ക്കുള്ളില്‍ വിനീതിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അപ്പോഴേക്കും സൊറേനോയെ ഗുജോണ്‍ ബാല്‍വിന്‍സണ്‍ തട്ടിയിട്ടതിന് റഫറി ഫൗള്‍ വിളിച്ചിരുന്നു. ചെന്നൈയിന്‍ പ്രതിരോധം ക്യാപ്റ്റന്‍ ഹെന്റി സൊറേനയ്ക്ക് കീഴില്‍ ഭദ്രമായിരുന്നു.ആദ്യപകുതിയുടെ അവസാന മിനുറ്റില്‍ ചെന്നൈയിനും ഉറച്ച അവസരം പാഴാക്കി. ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റെച്ചുബ്ക മാത്രം മുന്നില്‍നില്‍ക്കെ ജെജെ ലാല്‍പെഖുല പന്ത് പുറത്തേക്ക് തട്ടിയിട്ടു. റെനെ മിഹെലിച്ച് ബോക്‌സിന് പുറത്ത് നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മുറിച്ച് ജെജെയ്ക്ക് പന്ത് നല്‍കി. ജെജെയ്ക്ക് പ്രതിരോധത്തിന്റെ ഒരു തരത്തിലുള്ള വെല്ലുവിളിയുമുണ്ടായിരുന്നില്ല. പക്ഷേ, വലതുമൂല ലക്ഷ്യമാക്കി തൊടുത്ത അടി അകന്നുപോയി. തൊട്ടുമുമ്പ് മറ്റൊരു അവസരവും ചെന്നൈയിന്‍ പാഴാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതിയും തുടങ്ങിയത്. ബാല്‍വിന്‍സനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ സമനില കുരുക്കഴിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. പന്തുമായി ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തിയ ബാല്‍വിന്‍സണ്‍ ബിക്രംജിതിനെയും സൊറേനെയെയും മറികടന്ന് വലക്ക് മുന്നിലെത്തിയെങ്കിലും ജെറിയുടെ കാല്‍ പ്രയോഗത്തില്‍ വീണു. പെനാല്‍റ്റി അനുവദിക്കാന്‍ കിവി റഫറി മാത്യു കോങറിന് അധികമാലോചിക്കേണ്ടി വന്നില്ല. പക്ഷേ കറേജ് പെക്കൂസന്റെ ആത്മവിശ്വാസം ഒട്ടുമില്ലാത്ത ഷോട്ട് കരണ്‍ജിത് സിങ് ഡൈവ് ചെയ്ത് തട്ടിയകറ്റി. ഗാലറിയെ ത്രസിപ്പിച്ച കളിയായിരുന്നു ബാല്‍വിന്‍സന്റേത്. തുടരെ രണ്ടു ശ്രമങ്ങളാണ് താരം നടത്തിയത്. 77ാം മിനുറ്റില്‍ പോസ്റ്റിന്റെ വലതു ഭാഗത്ത് നിന്ന് തൊടുത്ത ശക്തമായ ഷോട്ട് വല തുളക്കുമെന്ന് കരുതിയെങ്കിലും കരണ്‍ജിത് സിങ് ഉജ്വലമായി തട്ടിയകറ്റി. ഇടതുഭാഗത്ത് നിന്ന വിനീതിന് മുന്നില്‍ പന്ത് വീണെങ്കിലും സമയോചിതമായ ഇടപെടല്‍ നടത്താന്‍ താരത്തിനായില്ല. ചെന്നൈയിന്റെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ഗോളി റെച്ചുബ്കയും തടഞ്ഞു. പിന്നാലെ കോര്‍ണര്‍ വഴി ലഭിച്ച പാസില്‍ നിന്ന് ബാല്‍വിന്‍സന്റെ മറ്റൊരു ശ്രമവും കരണ്‍ജിത് വിഫലമാക്കി. അവസാന മിനുറ്റുകളിലെ മാറ്റങ്ങള്‍ ഇരുടീമിനെയും തുണച്ചില്ല.