എസ്എസ്എല്‍സി- ഹയര്‍സെക്കന്‍ഡറി പൊതു പരീക്ഷകള്‍ക്കിടയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 305 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പരീക്ഷ ചുമതലയിലുള്ളവര്‍ എത്രയും വേഗം പുതിയ സ്‌കൂളിലേക്ക് മാറണമെന്നും തുടര്‍ന്ന പരീക്ഷ ഡ്യൂട്ടിക്ക് മടങ്ങിയെത്തണമെന്നുമാണ് നിര്‍ദേശം. സ്ഥലംമാറ്റത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്
തസ്തിക നിര്‍ണയത്തില്‍ അധികമായ 207 അധ്യാപകരെയും അവര്‍ക്ക് ഒഴിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി 98 അധ്യാപകരെയുമാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുള്ളത്. സ്ഥലം മാറ്റപ്പെട്ടവരില്‍ 135 സീനിയര്‍ അധ്യാപകരും 72 ജൂനിയര്‍ അധ്യാപകരും ഉണ്ട്. ഇതില്‍ 102 പേരെ മറ്റു ജില്ലകളിലേക്കാണ് മാറ്റിയിരിക്കുന്നത്. 25ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ബാച്ചുകളിലെ അധ്യാപകരെയാണ് മാറ്റിയിരിക്കുന്നത്. അപ്രതീക്ഷിതമായ നടപടിക്ക് എതിരെ അധ്യാപകര്‍ക്ക് ഇടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തസ്തിക നിര്‍ണയത്തില്‍ അശാസ്ത്രീയ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു. തസ്തികകള്‍ റദ്ദ് ചെയ്യാതെയുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്നാണ് പരാതി.
പരീക്ഷാ കാലത്തുള്ള സ്ഥലംമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധ്യാപകര്‍ക്ക് പരാതിയുണ്ട്. മറ്റു ജില്ലകളിലേക്ക് മാറ്റം കിട്ടിയവര്‍ അവിടെ ജോലിയില്‍ ചേര്‍ന്നശേഷം പരീക്ഷാ ചുമതലയുള്ള സ്‌കൂളുകളിലേക്ക് മടങ്ങിയെത്തണം.