X

സി.പി.എമ്മിന് അപ്രതീക്ഷിത ഷോക്ക്; വീണത് പാര്‍ട്ടിയിലെ പ്രമുഖന്‍

അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിനിടെ വിവാദങ്ങളുടെ ശനിദശയില്‍ നട്ടംതിരിഞ്ഞ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മന്ത്രി സജി ചെറിയാന്‍ പടിയിറങ്ങുമ്പോള്‍ സി.പി.എമ്മിനിത് അപ്രതീക്ഷിത ഷോക്ക്. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പിണറായിയിലേക്ക് തിരിഞ്ഞപ്പോഴും ആരും പ്രതീക്ഷിക്കാത്ത ഒരു മന്ത്രിക്കാണ് കസേര നഷ്ടമായത്. സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍, ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടു നടന്ന അന്തര്‍ദേശീയ ഇടപാടുകള്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണം എന്നിങ്ങനെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സജി ചെറിയാന്‍ കുടുങ്ങിയത്.

പത്തനംതിട്ടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം മന്ത്രിയുടെ രാജിയിലെത്തിക്കുമെന്ന് ഇന്നലെ വൈകിട്ടുവരെ സി.പി.എം കേന്ദ്രങ്ങള്‍ പോലും കരുതിയില്ല. എന്നാല്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ രാജ്യത്തെ നിയമസംവിധാനമനുസരിച്ച് എത്രത്തോളം ഗുരുതരമായ കുറ്റമാണെന്നു കൂടി വ്യക്തമാകുന്നതായിരുന്നു സജി ചെറിയാന്റെ രാജി. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഭരണഘടനയെന്ന പരാമര്‍ശമാണ് പ്രധാനമായും അദ്ദേഹത്തിന് തിരിച്ചടിയായത്. നാക്കു പിഴയെന്ന വിശദീകരണം കൊണ്ട് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിയിലേക്ക് നീങ്ങിയത്. സജി ചെറിയാന്‍ രാജിവെക്കുമ്പോള്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളിലൊരാള്‍ക്കാണ് അടിപതറിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസക്കിനും ശേഷം സി.പി.എമ്മിന്റെ മുഖമായി മാറിയ സജി ചെറിയാന്റെ വീഴ്ച രാഷ്ട്രീയമായും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ ടി.ടി ചെറിയാന്റെയും പുന്തല ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന ശോശാമ്മ ചെറിയാന്റെയും മകനാണ് സജി ചെറിയാന്‍. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറായി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നു പ്രീഡിഗ്രിയും മാവേലിക്കര ബിഷപ്പ്മൂര്‍ കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നാണ് നിയമബിരുദം. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികളിലെത്തി. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ സി.പി.എം ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയംഗമായ സജി ചെറിയാന്‍ വൈകാതെ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായി. 1995ല്‍ മുളക്കുഴ ഡിവിഷനില്‍ നിന്നു ജയിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. 2000ല്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2006ല്‍ ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് തോറ്റു. 2014ല്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. 2018ല്‍ വീണ്ടും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഡി.വിജയകുമാറിനെ 20914 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് നിയമസഭയിലെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നു വീണ്ടും നിയമസഭാംഗമായി. ക്രിസ്റ്റീനയാണ് ഭാര്യ. ഡോ.നിത്യ എസ് ചെറിയാന്‍, ഡോ. ദൃശ്യ എസ് ചെറിയാന്‍, ശ്രവ്യ എസ് ചെറിയാന്‍ എന്നിവരാണ് മക്കള്‍.

Chandrika Web: