X

മോദി ഭരണത്തില്‍ രാജ്യം തകര്‍ന്നടിയുന്നു; തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സമസ്ത മേഖലകളും തകരുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രമാണ് പ്രസിദ്ധീകരിച്ചത്.

1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു. മോഡിയുടെ നോട്ടു നിരോധനത്തിന് മുമ്പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപെടുത്തുന്നതാണ് ദേശീയ സ്ഥിതിവിവര കമ്മീഷന്റെ റിപ്പോര്‍ട്ട്.

ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലാണ് തൊഴിലില്ലായ്മ കൂടുതല്‍. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്, നഗരങ്ങളിലേത് 7.8 ശതമാനവും. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനമാണ് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. നോട്ടു നിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരുന്നതെന്നുളള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടികണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിലേറിയ മോദിക്ക് വന്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറാകാതിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: