X
    Categories: indiaNews

തൊഴില്‍ രഹിതര്‍ പെരുകുന്നു; തൊഴിലില്ലായ്മ 16 മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കണോമി(സി.എം.ഐ.ഇ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഡിസംബറിലെ തൊഴിലില്ലായ്മാ നിരക്ക് 8.30 ശതമാനത്തിലെത്തിയത്. തൊട്ടു മുമ്പത്തെ മാസം ഇത് എട്ട് ശതമാനമായിരുന്നു.

നഗരങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് 10.09 ശതമാനമായാണ് കുതിച്ചുയര്‍ന്നത്. നവംബറില്‍ 8.96 ശതമാനമായിരുന്നതാണ് 1.13 ശതമാനത്തോളം കുതിച്ചുയര്‍ന്നത്. അതേസമയം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. നവംബറില്‍ 7.55 ശതമാനമായിരുന്നത് ഡിസംബറില്‍ 7.44 ശതമാനമായാണ് കുറഞ്ഞത്. 0.11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം തൊഴില്‍ പങ്കാളിത്ത നിരക്കില്‍ ഇക്കാലയളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നതിനാല്‍ തൊഴിലില്ലായ്മാ നിരക്കിലെ വര്‍ധനവ് കരുതുന്നത്ര ആഘാതം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കില്ലെന്ന് സി.എം.ഐ.ഇ മാനേജിങ് ഡയരക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. തൊഴില്‍ പങ്കാളിത്ത നിരക്കില്‍ 40.48 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 12 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തെ തൊഴില്‍ നിരക്ക് 37.1 ശതമാനമാണ്. 2022 ജനുവരിക്കു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയര്‍ന്നെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സി.എം.ഐ.ഇ പുറത്തുവിട്ട കണക്കുകള്‍. 2024ല്‍ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, തൊഴിലില്ലായ്മ തന്നെയായിരിക്കും മോദി സര്‍ക്കാര്‍ നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മഹേഷ് വ്യാസ് ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങളിലൊന്ന് രാജ്യത്തെ തൊഴിലില്ലായ്മയാണ്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി നൂറു ദിവസം പിന്നിട്ട യാത്ര ഈ മാസം അവസാനം ജമ്മുകശ്മീരില്‍ സമാപിക്കാനിരിക്കെ, ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍ മോദി സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. തൊഴില്‍ പങ്കാളിത്ത നിരക്കിലെ വര്‍ധനവ് ചൂണ്ടിക്കാട്ടുമ്പോഴും ജനസംഖ്യാനുപാതികമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന വസ്തുത കാണാതിരിക്കാനാവില്ല.

webdesk11: