ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകസമരത്തെ തുടര്‍ന്ന് അടച്ചിട്ട ശംഭു അതിര്‍ത്തി തുറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ. കര്‍ഷകസമരത്തിന് ശേഷവും ശംഭു അതിര്‍ത്തി അടച്ച ബി.ജെ.പി സര്‍ക്കാരിനെ ഭൂപീന്ദര്‍ ഹൂഡ രൂക്ഷമായി വിമര്‍ശിച്ചു.
കര്‍ഷകസമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിമുതല്‍ ശംഭു അതിര്‍ത്തി അടഞ്ഞുകിടക്കുകയാണ്. ബി.ജെ.പി.യുടെ പത്തുവര്‍ഷത്തെ ഭരണവും കോണ്‍ഗ്രസ്‌കാലത്തെ ഭരണവുമായി താരതമ്യംചെയ്ത് ജനങ്ങള്‍ ഇതിനോടകം ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള തീരുമാനമെടുത്തുകഴിഞ്ഞതായും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു.
കോണ്‍ഗ്രസ്‌കാലത്ത് വികസനത്തില്‍ ഒന്നാമതായിരുന്ന ഹരിയാണ ബി.ജെ.പി. ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയിലും അഴിമതിയിലും കുറ്റകൃത്യങ്ങളിലുമാണ് ഒന്നാമതെത്തിയത്. കര്‍ഷകപ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാതെ അവരെ അതിര്‍ത്തിയില്‍ തടയുകയാണ് ചെയ്തത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ അവരെ ലാത്തിച്ചാര്‍ജ് ചെയ്ത് നീക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഭൂപീന്ദര്‍ ഹൂഡ ആരോപിച്ചു.