സുവോന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ യുവരക്തത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അണ്ടര്‍ 20 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി.
1966ന് ശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. 1966ല്‍ വെബ്ലിയില്‍ നേടിയ ലോകകപ്പാണ് ഇംഗ്ലീഷ് ടീം നേടിയ അവസാന അന്താരാഷ്ട്ര കിരീടം. ദക്ഷിണ കൊറിയയിലെ സുവോനില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന്റെ 35-ാം മിനിറ്റില്‍ കാല്‍വര്‍ട്ട് ലെവിന്‍ നേടിയ ഏക ഗോളാണ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്.
രണ്ടാം പകുതിയില്‍ വെനസ്വേലക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഇംഗ്ലീഷ് ഗോളി ഫ്രെഡി വുഡ്മാന്‍ ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു. കൈല്‍ വാക്കര്‍ പീറ്റേഴ്‌സണ്‍ വരുത്തിയ പിഴവിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത അഡാല്‍ബെര്‍തോ പെനാറാന്‍ഡക്ക് വുഡ്മാനെ കീഴടക്കാനായില്ല. ഫൈനല്‍ വിജയിക്കാനായില്ലെങ്കിലും ചരിത്രത്തിലാദ്യമായി ഒരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ നേട്ടവുമായാണ് വെനസ്വേല മടങ്ങുന്നത്.
ലൂസേഴ്‌സ് ഫൈനലില്‍ ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.