കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ കിക്കോഫിന് ഇനി അമ്പതു നാള്‍ മാത്രം. കൊച്ചിയടക്കം രാജ്യത്തെ ആറു നഗരങ്ങളിലായാണ് കൗമാര ലോകകപ്പ് മത്സരങ്ങള്‍. ഒക്‌ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലും നവി മുംബൈയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍.
വൈകിട്ട് അഞ്ചിന് കൊളംബിയയും ഘാനയും തമ്മിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മത്സരം. അതേസമയം നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്റ് തുര്‍ക്കിയെ നേരിടും. തുടര്‍ന്ന് കൊച്ചി, ഗുവാഹത്തി, ഗോവ, കൊല്‍ക്കത്ത നഗരങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും. 28ന് വൈകിട്ട് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കിരീട ജേതാക്കളുടെ നിര്‍ണയം. ആറു വന്‍കരകളില്‍ നിന്നുള്ള 24 ടീമുകളാണ് ലോകകപ്പ് കിരീടം തേടി ഇന്ത്യയിലെത്തുന്നത്. ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റുകളുടെ വില്‍പന പുരോഗമിക്കുകയാണ്.
മൂന്നാം ഘട്ട വില്‍പനയാണ് ഇപ്പോള്‍ നടക്കുന്നത്. നാലു ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും ടിക്കറ്റ് വില്‍പനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇളവുകളുള്ളതിനാല്‍ മൂന്നാം ഘട്ടത്തില്‍ 60 രൂപയാണ് കൊച്ചിയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില, കൂടിയ വില 300 രൂപയും. 150 രൂപയുടെ ടിക്കറ്റും വില്‍പനക്കുണ്ട്. അര്‍ജന്റീനയുടെ അസാനിധ്യത്തില്‍ ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പ് ഡിയിലെ മത്സരങ്ങള്‍ക്കാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയൊരുക്കുന്നത്.
ഡി ഗ്രൂപ്പിലെ ആറു പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് പുറമേ സി ഗ്രൂപ്പിലെ ഒരു ആദ്യറൗണ്ട് മത്സരവും ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരവും കൊച്ചിയില്‍ നടക്കും. ഒക്‌ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ഉദ്ഘാടന മത്സരം. വൈകിട്ട് അഞ്ചിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിന്റേതടക്കമുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. അന്നു രാത്രിനടക്കുന്ന കൊറിയ-നൈജര്‍, 10ന് നടക്കുന്ന സ്‌പെയിന്‍-നൈജര്‍, കൊറിയ ബ്രസീല്‍, 13ന് നടക്കുന്ന സ്‌പെയിന്‍-കൊറിയ മത്സരങ്ങളുടെ ടിക്കറ്റുകളും വില്‍പ്പനക്കുണ്ട്.
ലോക ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കൗമാര പടയുടെ മത്സരം കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് 13ന് നടക്കുന്ന ഗ്രൂപ്പ് സിയിലെ ജര്‍മനി-ഗ്വിനിയ പോരാട്ടത്തിന്റെ ടിക്കറ്റും വാങ്ങാം.