കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്കായി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ജി.സി.ഡി.എ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 48 സ്ഥാപന ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം. ജി.സി.ഡി.എ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തുക ട്രഷറിയില്‍ കെട്ടിവയ്ക്കണം. ജില്ലാ കളക്ടറുടെ പ്രത്യേക അക്കൗണ്ടിലാണ് തുക കെട്ടിവക്കേണ്ടത്. നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെയും കോടതി നിയോഗിച്ചു. സ്ഥാപന ഉടമകള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. ബിസിനസ് സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകളും മറ്റും പരിഗണിച്ച് കമ്മിറ്റി നഷ്ടപരിഹാരത്തുക നിശ്ചയിക്കണം.
കമ്മറ്റിയുടെ ശുപാര്‍ശയിന്മേല്‍ നഷ്ടപരിഹാരത്തുകയുടെ 75 ശതമാനം ജില്ലാ കലക്ടര്‍ ഉടന്‍ വിതരണം ചെയ്യണം. കമ്മറ്റിയുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തര്‍ക്കമുള്ളവര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. എന്നാല്‍ ഇവര്‍ക്ക് കോടതി നിശ്ചയിച്ച പാക്കേജിന് അര്‍ഹതയുണ്ടാവില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ശേഷം സ്‌റ്റേഡിയം ജി.സി.ഡി.എ 25ന് ഫിഫക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത് സ്വേച്ഛാപരമാണെന്നും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി പറഞ്ഞു.