X
    Categories: Culture

അണ്ടര്‍-17 ലോകകപ്പ്; ഫൈനല്‍ കൊല്‍ക്കത്തയില്‍; കൊച്ചിക്ക് ക്വാര്‍ട്ടര്‍ മാത്രം

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രധാന മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ആറിന് നവിമുംബൈയിലും ഡല്‍ഹിയിലുമാണ് ഉദ്ഘാടന മത്സം നടക്കുക. ഒക്‌ടോബര്‍ 28ന് രാത്രി എട്ടു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം ഫൈനല്‍ പോരാട്ടത്തിന് വേദിയാവും.

ഫൈനലിനോ സെമിഫൈനലിനോ ആതിഥ്യം വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കൊച്ചിയില്‍ പ്രാഥമിക മത്സരങ്ങള്‍ക്ക് പുറമേ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണ് നടക്കുക. ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നീ സ്റ്റേഡിയങ്ങളും ക്വാര്‍ട്ടര്‍ മത്സരത്തിന് വേദിയാവും. ആറു സ്റ്റേഡിയങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഫിഫ ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാന മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചത്.

ചാമ്പ്യന്‍ഷിപ്പിന്റെ സ്ലോഗനും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ ടേക്ക്‌സ് ഓവര്‍ എന്നതാണ് ഔദ്യോഗിക മുദ്രാവാക്യം. മത്സരങ്ങളുടെ നറുക്കെടുപ്പ് ജൂലൈ 7ന് മുംബൈയില്‍ നടക്കും. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ഒക്‌ടോബര്‍ 7നാണ് കൊച്ചിയിലെ ആദ്യ മത്സരം.

സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്. മറ്റു വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച സംഘം കൊച്ചിയിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ആശങ്ക അറിയിച്ചിരുന്നത്. മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഇന്ത്യക്ക് പുറമേ ഇറാന്‍, ജപ്പാന്‍, കൊറിയ, ബ്രസീല്‍, പാരഗ്വായ്, ചിലി, കൊളംബിയ, ന്യൂ കാലിഡോണിയ, ന്യൂസിലാന്റ് തുടങ്ങിയ ടീമുകള്‍ ഇതിനകം ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. പ്രമുഖ ടീമായ അര്‍ജന്റീനക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: