X

അണ്ടര്‍ 17: കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ലോകഫുട്‌ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊല്‍ക്കത്തിയില്‍ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മുത്തമിടുന്നത് സ്‌പെയിനോ ഇംഗ്‌ളണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം മുഴുവന്‍ കൊല്‍ക്കത്തയിലെ സാള്‍ട് ലേക് സ്‌റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്.

 

കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ‘യൂറോപ്യന്‍’ ഫൈനല്‍ ഇന്ന് രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്് സ്റ്റേഡിയത്തില്‍. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്‍ ബ്രസീല്‍ മാലിയെ നേരിടും. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്നത്. അണ്ടര്‍-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്‍ ജയിച്ചു, ആ പടയോട്ടം ഇന്ത്യയിലും തുടരാമെന്ന് അവര്‍ മോഹിക്കുന്നു, മധുര പ്രതികാരത്തിനൊപ്പം കൗമാരകപ്പില്‍ കന്നി മുത്തം കൂടി ഇംഗ്ലീഷുകാര്‍ ആഗ്രഹിക്കുന്നു, ആരു ജയിച്ചാലും അവരുടെ ആദ്യ ലോകകപ്പാവും ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ്് ഫൈനലില്‍ കളിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. സ്‌പെയിന്‍ 1991, 2003, 2007 വര്‍ഷങ്ങളില്‍ ഫൈനലിസ്റ്റുകളായിരുന്നു, പക്ഷേ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല. ടൂര്‍ണമെന്റിലൂടനീളം മികച്ച കളിനിലവാരമായിരുന്നു ഇരുടീമുകളുടേതും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ കരുത്തര്‍. ഏതു സാഹചര്യത്തിലും കളിക്കാന്‍ മിടുക്കരാണ് സ്‌പെയിന്‍. ആത്മവിശ്വാസത്തോടെയാണ് അവര്‍ പന്ത് പാസ് ചെയ്യുന്നത്. സംഘടിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.
ഇംഗ്ലണ്ടിന്റെ ഭാഗ്യ വര്‍ഷം
2017, ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ്. അണ്ടര്‍-20 ലോകകപ്പ് നേട്ടമായിരുന്നു ആദ്യത്തേത്. പിന്നാലെ അണ്ടര്‍-19 യൂറോപ്യന്‍ കിരീടവും നേടി. കൊല്‍ക്കത്തയില്‍ ഇന്ന്് അണ്ടര്‍-17 ഫൈനലില്‍ ജയിക്കാനായാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളുടെ വര്‍ഷമായി 2017 മാറും. ക്രൊയേഷ്യ വേദിയൊരുക്കിയ അണ്ടര്‍-17 യൂറോപ്യന്‍ കപ്പിന്റെ കലാശ കളിയില്‍ സ്‌പെയിനിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്. എതിരാളികളെയെല്ലാം കീഴടക്കി ഫൈനല്‍ വേദിയിലെത്തുമ്പോള്‍ അതേ സ്പാനിഷ് പട തന്നെയാണ് എതിരാളികള്‍. മധുര പ്രതികാരത്തിനും കളി മോശം കൊണ്ടല്ല, നിര്‍ഭാഗ്യം കൊണ്ടാണ് യൂറോപ്യന്‍ കിരീടം നഷ്ടമായതെന്ന് തെളിയിക്കാനും ഇതിലും വലിയൊരു അവസരം സ്റ്റീവ് കൂപ്പര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് കുട്ടികള്‍ക്ക് ഇനി കിട്ടാനില്ല. ആറു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രം. നായകന്‍ ജോയല്‍ ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തരാണ്. ഇംഗ്ലീഷ് സംഘത്തിന്റെ വിങുകളിലൂടെയുള്ള മുന്നേറ്റം തടയാന്‍ സ്‌പെയിന്‍ പ്രതിരോധ നിരക്ക് ഏറെ വിയര്‍ക്കേണ്ടി വരും. വലതു വിങില്‍ ജോണ്‍ യൊബോയയുടെ സാന്നിധ്യവും സ്പാനിഷ് പടക്ക് തലവേദനയാകും. മൈതാനം നിറഞ്ഞാണ് മധ്യനിരയുടെ കളി. ആറു കളികളില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 18 ഗോളുകള്‍. ബ്രൂസ്റ്റര്‍-ഹഡ്‌സണ്‍-ഫോഡന്‍ ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സാഞ്ചോയുടെ അഭാവം ടീം അറിയുന്നതേയില്ല.
കണക്കില്‍ മുന്നില്‍ സ്‌പെയിന്‍
കുറിയ പാസുകള്‍ കൊണ്ടുള്ള ടിക്കി-ടാക്ക ശൈലി വിജയകരമായി പ്രാവര്‍ത്തികമാക്കിയാണ് സ്‌പെയിന്‍ ഫൈനല്‍ വരെ മുന്നേറിയത്. സന്തുലിതമാണ് ടീം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവര്‍. ആക്രമണത്തിലെ വൈവിധ്യമാണ് സ്‌പെയിനിന്റെ കളിയെ അഴകുള്ളതാക്കുന്നത്. ഗോളടിക്കുന്നതിലും വഴങ്ങാതിരിക്കുന്നതിലും ടീം മിടുക്ക് കാട്ടി. 15 ഗോളുകള്‍ എതിര്‍വലയിലാക്കിയപ്പോള്‍ വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രം. ആബേല്‍ റൂയിസ്, സെസാര്‍ ഗെലാബെര്‍ട്ട്, സെര്‍ജിയോ ഗോമസ്, മുഹമ്മദ് മുഖ്‌ലിസ്, ഫെറാന്‍ ടോറസ്, അന്റോണിയോ ബ്ലാങ്കോ പ്രതിഭാശാലികള്‍ ഏറെയുണ്ട് ടീമില്‍, എല്ലാവരും തികഞ്ഞ ഫോമില്‍. അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു വട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് ഇംഗ്ലണ്ടും സ്‌പെയിനും. 2007ലെ ആദ്യ കണ്ടുമുട്ടലില്‍ സ്‌പെയിന്‍ കപ്പുമായി മടങ്ങി. മൂന്നു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് പകരം വീട്ടി. 2017 മെയ് മാസത്തില്‍ വീണ്ടും ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം വീണ്ടെടുത്തു. ഈ വിജയം സ്പാനിഷ് പടക്ക് ആത്മവിശ്വാസം നല്‍കുന്നു.
ബ്രൂസ്റ്ററും റൂയിസും
ഫൈനലില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാവുക ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്ററും സ്്‌പെയിന്‍ നായകന്‍ ആബേല്‍ റൂയിസും. ടീമിന് കന്നി കിരീടം നേടി കൊടുക്കുന്നതോടൊപ്പം ഗോള്‍ഡന്‍ ബൂട്ടിലും ഇരുവര്‍ക്കും കണ്ണുണ്ട്. ടൂര്‍ണമെന്റില്‍ ഇരുവട്ടം ഹാട്രിക് ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ബ്രൂസ്റ്റര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസ്.എയുടെ വല മൂന്നു വട്ടം ചലിപ്പിച്ച ബ്രൂസ്റ്റര്‍ ശക്തമായ പ്രതിരോധ കോട്ട തീര്‍ത്തിരുന്ന ബ്രസീലിനെതിരെയും ആ മികവ് ആവര്‍ത്തിച്ചു. ടൂര്‍ണമെന്റിലാകെ ഈ ലിവര്‍പൂള്‍ താരം നേടിയത് ഏഴു ഗോളുകള്‍. ഗോളടിക്കുന്നതില്‍ മാത്രമല്ല സഹ താരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ബ്രൂസ്റ്ററിന്റെ പങ്ക് നിര്‍ണായകമാണെന്ന് ക്യാപ്റ്റന്‍ ലാറ്റിബെഡ്യൂയി സാക്ഷ്യപ്പെടുത്തുന്നു. ഇരട്ട ഹാട്രിക് നേടുക വഴി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലെ നാലാമനായി മാറി ബ്രൂസ്റ്റര്‍. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ബ്രൂസ്റ്റര്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. ആ പിഴവിനു കൂടി താരത്തിനിന്ന് പരിഹാരം കാണണം. നായകന്റെ കളിയാണ് സ്പാനിഷ് പടക്കായി ആബേല്‍ റൂയിസിന്റേത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആബേല്‍ ഗോളടിച്ചു. മാലിക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ മാത്രം ഉദാഹരണം. ലോകകപ്പിന് രണ്ടു മാസം മുമ്പ് ബാഴ്‌സിലോണയുടെ താരം കൂടിയായ റൂയിസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: അണ്ടര്‍-17 യൂറോപ്യന്‍ കിരീടമുയര്‍ത്തിയ രാത്രിയില്‍ ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്‌നം കാണുകയായിരുന്നു ഞാന്‍, സ്വപ്്‌ന സാക്ഷാത്ക്കാരത്തിനും കപ്പിനും ഇടയിലുള്ള ദൂരം ഒരു മത്സരത്തിലേക്ക് മാത്രമെത്തിച്ചതില്‍ ആബേലിനോട് കടപ്പെട്ടിരിക്കുന്ന ടീം.
റോഡ് ടു ഫൈനല്‍
തോല്‍വിയില്‍ നിന്നാണ് സ്‌പെയിന്‍ കിരീട വഴിയില്‍ തിരിച്ചെത്തിയത്. ബ്രസീലിനോട് കൊച്ചിയില്‍ തോറ്റ ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി എത്തിയ ഫ്രാന്‍സിനെ 2-1നാണ് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇറാനെയും സെമി ഫൈനലില്‍ മാലിയെയും ഒരേ സ്‌കോറിന് (3-1) തകര്‍ത്തു വിട്ടു. ഇംഗ്ലണ്ട് ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നിലും ജയിച്ചു. പ്രീക്വാര്‍ട്ടറില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തോല്‍പ്പിച്ചു. സെമിയില്‍ കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

chandrika: