X

അണ്ടര്‍ 17 ലോകകപ്പ് :’കൊച്ചി’യുടെ ഭാവി തുലാസില്‍

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദികളില്‍ ഫിഫ സംഘത്തിന്റെ പരിശോധന. ഫിഫ ടര്‍ഫ്കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും പരിശോധിച്ചത്. പുല്‍പ്രതലങ്ങളുടെ കാര്യത്തില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചു. കൊച്ചി മത്സരങ്ങള്‍ക്ക് യോഗ്യമാണെന്ന് ഇവര്‍ ഫിഫക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ മാത്രമേ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കൂ. ഗ്രൗണ്ടിലെ പുല്‍പ്രതലങ്ങളാണ് ഇവര്‍ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന വൈകിട്ട് നാലു വരെ നീണ്ടു. പുല്ല് വെച്ചുപിടിപ്പിച്ച പരിശീലന മൈതാനങ്ങളില്‍ അടുത്ത ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. ലോകകപ്പ് മത്സരങ്ങള്‍ക്ക് കൊച്ചിയിലെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമാണെന്ന് സംഘം ഫിഫക്ക് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞദിവസം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ കൊച്ചിയിലെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുല്ല് വെച്ചുപിടിപ്പിക്കല്‍ ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പരിശീലന മൈതാനങ്ങളില്‍ മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലും മാത്രമാണ് പുല്ല് കിളിര്‍ത്തു തുടങ്ങിയത്. പനമ്പിള്ളി നഗര്‍ മൈതാനത്ത് നാല് ദിവസം മുമ്പാണ് പുല്ല് വെച്ചുപിടിപ്പിക്കാല്‍ പൂര്‍ത്തിയായത്. ഫോര്‍ട്ട്‌കൊച്ചി വെളി, പരേഡ് മൈതാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ജോലികള്‍ പൂര്‍ത്തിയായത്. സ്‌റ്റേഡിയങ്ങളിലെ പ്രതലങ്ങളുടെ കാര്യത്തില്‍ പരിശോധന സംഘത്തിന് സംശയമൊന്നുമില്ലെന്നും ഇവര്‍ ഫിഫക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും നോഡല്‍ ഓഫീസര്‍ പി.എ.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

chandrika: