X

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി റെഡി; മാര്‍ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ വേദികളിലൊന്നായ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ മാര്‍ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന നടത്തും. ഫിഫ ഹെഡ് ഓഫ് ഇവന്റ്‌സ് ഹൈമി എര്‍സയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സ്റ്റേഡിയത്തിലെ അവസാന വട്ട ഒരുക്കങ്ങളുടെ പരിശോധനക്കായി എത്തുകയെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പത്രസമ്മേളനത്തില്‍ അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും യോഗം വിലയിരുത്തി. കാണികള്‍ക്കുള്ള സൗകര്യപ്രദമായ ഇരിപ്പിടം, കോമ്പറ്റീഷന്‍ ഏരിയ, റഫറി സ്റ്റേഷന്‍ റൂം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വി.ഐ.പി ഏരിയ ബോക്‌സ്, മീഡിയ ബോക്‌സ്, മികച്ച നിലവാരത്തിലുള്ള ടോയ്‌ലറ്റ് തുടങ്ങിയവ സ്റ്റേഡിയത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു. മത്സരം നടക്കുന്ന സ്റ്റേഡിയം പോലെ ഏറെ പ്രധാനപ്പെട്ടതാണ് പരിശീലന ഗ്രൗണ്ടുകളുടെ നിലവാരമെന്നും ദക്ഷിണേഷ്യ ആതിഥ്യം വഹിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മേള എന്ന നിലയില്‍ ലോകത്തിന് മുന്നില്‍ തങ്ങളുടെ ഫുട്‌ബോള്‍ സംഘാടനം തെളിയിക്കാനുള്ള ഇന്ത്യയുടെ സുവര്‍ണാവസരമാണിതെന്നും ഹാവിയര്‍ സെപ്പി കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനായി വന്‍ സുരക്ഷ സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കണം. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഫിഫയുടെ മൂന്നംഗ സംഘവും കൊച്ചിയിലെത്തും. സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഫിഫയുടെ മേല്‍നോട്ടത്തില്‍ തന്നെ നടക്കും.
ഡ്രൈനേജ് സംവിധാനം മാത്രമാണ് നിലവില്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ച്ച് 24ന് മുമ്പായി മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 24.88 കോടി രൂപയാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ തുക ഈ മാസം തന്നെ ജി.സി.ഡി.എക്ക് ലഭിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ടെണ്ടറുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫയര്‍ സേഫ്റ്റിക്കുള്ള ടെണ്ടര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. നേരത്തെ ടെണ്ടര്‍ വിളിച്ച കമ്പനിക്ക് പൊതുമരാമത്ത് ലൈസന്‍സ്ഇല്ലാത്തതിനാല്‍ ഇവരെ ഒഴിവാക്കിയതായും ഉടന്‍ തന്നെ റീടെണ്ടര്‍ വിളിക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഫിഫയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ജി.സി.ഡി.എ സ്വന്തമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തിന് പുറമേ ടീമുകള്‍ക്ക് പരിശീലനത്തിനായി നാലു സ്റ്റേഡിയങ്ങളാണ് തയ്യാറാകേണ്ടത്. ഇതില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് കാര്യമായ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ഹാവിയര്‍ സെപ്പി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു. ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും നവീകരണം തുടങ്ങിയിട്ടുണ്ട്. പരേഡ് ഗ്രൗണ്ടില്‍ ഇത് വരെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഈ രണ്ടു ഗ്രൗണ്ടുകള്‍ക്കും എം.എല്‍.എമാരുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. മഹാരാജാസ് ഗ്രൗണ്ട് നവീകരണത്തിന് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടു ഫണ്ട് അനുവദിക്കുന്നത്. 2.95 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2.50 കോടി രൂപയും കൈമാറി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ടിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍. കെ.എഫ്.എ ജനറല്‍ സെക്രട്ടറി അനില്‍കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കൊച്ചിക്ക് പുറമേ കൊല്‍ക്കത്ത, ഗോവ, ഡല്‍ഹി, മുംബൈ, ഗുവാഹത്തി എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.

chandrika: