മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്‌പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന് നവോന്മേഷം പകരുന്ന ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘാടകര്‍ക്ക് പ്രതീക്ഷ പകരുന്നത് സെമി ടിക്കറ്റിനുളള ആവേശം തന്നെ. ഗോഹട്ടിയില്‍ നിന്നും അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ ഒന്നാം സെമിയില്‍ ബ്രസീലിനാണ് എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ബ്രസീലിന്റെ അവസരോചിത പ്രകടനങ്ങള്‍ക്കൊപ്പം അവര്‍ക്ക് ലഭിക്കുന്ന ഗ്യാലറി പിന്തുണയുമാണ് പ്രധാനം. എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തുന്നത്. ഗ്രൂപ്പ് സിയില്‍ ആദ്യ മല്‍സരത്തില്‍ സ്‌പെയിനിനെയും രണ്ടാം മല്‍സരത്തില്‍ നൈജറിനെയും മൂന്നാം മല്‍സരത്തില്‍ ഉത്തര കൊറിയയെയും വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബ്രസീല്‍ സംഘം പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോണ്ടുറാസിനെ നിഷ്പ്രയാസം കശക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമായിരുന്നു വെല്ലുവിളി. ജര്‍മനി തുടക്കത്തില്‍ ഗോള്‍ നേടിയിട്ടും രണ്ടാം പകുതിയില്‍ തിരിച്ചുവന്ന ബ്രസീല്‍ രണ്ട് ഗോള്‍ മടക്കിയാണ് വിജയം വരിച്ചത്. പൗലിഞ്ഞോ, ലിങ്കോണ്‍ എന്നിവര്‍ക്കൊപ്പം പിന്‍നിരയും ബ്രസീലിന്റെ കരുത്താണ്. പതിനൊന്ന് ഗോളുകളാണ് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി അവര്‍ നേടിയത്. ഇംഗ്ലണ്ടാവട്ടെ എളുപ്പത്തില്‍ സ്‌ക്കോര്‍ ചെയ്യുന്നവരാണ്. ബ്രസീല്‍ ഡിഫന്‍സിന് തലവേദന സൃഷ്ടിക്കാന്‍ പ്രാപ്തനാണ് ബ്രിഡ്ജറെ പോലുള്ളവര്‍. ചിലിയെ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് ആരംഭിച്ചത്. മെക്‌സിക്കോയെ 3-2 നും ഇറാഖിനെ നാല് ഗോളിനും തരിപ്പണമാക്കിയാണ് അവര്‍ സ്‌ട്രൈക്കിംഗ് കരുത്ത് തെളിയിച്ചത്. ജപ്പാനുമായുള്ള പ്രീക്വാര്‍ട്ടറില്‍ ഗോളില്ലാ സമനില വഴങ്ങിയത് മാത്രമാണ് ടീമിന് ആഘാതമായത്. ഷൂട്ടൗട്ട് വഴി രക്ഷപ്പെട്ട ടീം പക്ഷേ ക്വാര്‍ട്ടറില്‍ അമേരിക്കയെ ഗോളില്‍ മുക്കിയിരുന്നു (4-1) രണ്ടാം സെമി രണ്ട് വന്‍കരാ ചാമ്പ്യന്മാര്‍ തമ്മിലാണ്. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മാലിക്കാര്‍ അതിവേഗ പോരാട്ടത്തിന്റെ വക്താക്കളാണ്. ആദ്യ മല്‍സരത്തില്‍ പരാഗ്വേയോട് പരാജയപ്പെട്ടതിന് ശേഷം അവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. അവസാന മല്‍സരത്തില്‍ സ്വന്തം വന്‍കരക്കാരായ ഘാനയെ മറികടന്നാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌പെയിന്‍ പുറത്തെടുക്കുന്നത് യൂറോപ്യന്‍ സൗന്ദര്യമാണ്. ക്വാര്‍ട്ടറില്‍ ഇറാനെ 3-1ന് തരിപ്പണമാക്കിയാണ് അവര്‍ കരുത്ത് പ്രകടിപ്പിച്ചത്. സുന്ദരമായ പാസിംഗ് ഗെയിമില്‍ റൂയിസ് സംഘം വിലസുമ്പോള്‍ വേഗതയില്‍ തിരിച്ചടിക്കാനാള്ള മാലി ആക്ഷന്‍ പ്ലാനും സെമിക്ക് വന്‍വീര്യം സമ്മാനിക്കും.
- 7 years ago
chandrika
Categories:
Video Stories