X
    Categories: Culture

വിനീഷ്യസ് ലോകകപ്പിനില്ല

 
അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്‍ത്ത, അണ്ടര്‍-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പില്‍ കളിക്കാനെത്തില്ല. ഇന്ത്യയിലേക്ക് വരാനായി വിസ നടപടികളടക്കം പൂര്‍ത്തിയായ ശേഷം വിനീഷ്യസിനെ വിട്ടു തരാനാവില്ലെന്ന് താരത്തിന്റെ ക്ലബായ ഫ്‌ളെമെങോ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത് കൊച്ചിയിലായതിനാല്‍ മലയാളി ആരാധകര്‍ക്കാണ് താരത്തിന്റെ അഭാവം കൂടുതല്‍ നഷ്ടമുണ്ടാക്കുക. രണ്ടാഴ്ച്ച മുമ്പാണ് ലോകകപ്പിനായി ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെങോയുടെ ഫോര്‍വേഡായ വിനീഷ്യസിനെ ഉള്‍പ്പെടുത്തി ബ്രസീല്‍ ടീം പ്രഖ്യാപിച്ചത്. 26ന് ടീം ഇന്ത്യയിലെത്തിയെങ്കിലും വിനീഷ്യസ് സംഘത്തിനുണ്ടായിരുന്നില്ല. കോപ ഡൊ ബ്രസീല്‍ ഫൈനല്‍ മത്സരത്തിന് ശേഷം താരമെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കോപ ഡൊ ബ്രസീല്‍ ഫൈനലില്‍ ഫ്‌ളെമെങോ തോറ്റു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ലക്ഷ്യമിട്ടാണ് വിനീഷ്യസിനെ വിട്ടുതരാന്‍ ക്ലബ്ബ് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്‌ളെമെങോയില്‍ നിന്ന് ക്ലബ്ബ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് 45 മില്യണ്‍ യൂറോ (346 കോടി രൂപ) വില നല്‍കി കരാര്‍ ഉറപ്പിച്ചതോടെ വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായി മാറിയിരുന്നു. ഇപ്പോള്‍ 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്‍ റയല്‍ മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്‍സ്ഫര്‍ നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്‍ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലാകെ ഏഴു ഗോളുകള്‍ നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്‍ തന്നെ.
വിനീഷ്യസ് ജൂനിയറിന്റെ അസാന്നിധ്യമുണ്ടെങ്കിലും, സ്‌പെയിന്‍ ടീമിലെ താരസാനിധ്യം കൊച്ചിയിലെ ആരാധകരില്‍ ആവേശം പടര്‍ത്തും. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസ് ലോകകപ്പിന്റെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. ബാര്‍സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകള്‍ നേടിയിരുന്നു. സ്‌പെയിന്‍ അണ്ടര്‍-17 ടീമിനായി ഇതു വരെ 19 ഗോളുകളും നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ഗോമെസ്, റിയല്‍ അക്കാദമി താരവും മിഡ്ഫീല്‍ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്‍-20 ലോകകപ്പില്‍ നാലു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്‍ ജോഷ് സര്‍ജെന്റും അണ്ടര്‍-17 യൂറോ കപ്പില്‍ അഞ്ചു കളികളില്‍ നിന്ന് ഒമ്പതു ഗോളുകള്‍ നേടിയ ഫ്രഞ്ച് താരം അമീന്‍ ഗാവോരിയും കൗമാര ചാമ്പ്യന്‍ഷിപ്പിലെ താര സാനിധ്യമാവും.

chandrika: