X

ഫണ്ട് വിനിയോഗത്തിലെ അനിശ്ചിതത്വം; കുടിശ്ശിക കുരുക്കഴിയാതെ ഉച്ചഭക്ഷണ പദ്ധതി

ഫെെസല്‍ മാടായി

കണ്ണൂര്‍: ദുര്‍വിനിയോഗത്തിനിടയിലും സ്കൂള്‍ കുട്ടികളുടെ അന്നം മുടങ്ങുന്നതിലേക്കെത്തിച്ച് ഉച്ചഭക്ഷണ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാതെ സര്‍ക്കാര്‍. തുക കെെമാറിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടെ കുടിശ്ശിക തീര്‍ക്കലില്‍ സംസ്ഥാന സര്‍ക്കാറിന്റെ മെല്ലെപോക്കില്‍ ധര്‍മസങ്കടത്തിലായി പ്രധാനാധ്യാപകര്‍.
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹെെക്കോടതി ഇടപെടലുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാറും തുടരുന്ന നിസംഗതയാണ് പ്രധാനാധ്യാപരെ ആശങ്കയിലാക്കുന്നത്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന അവകാശവാദം ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രധാധാധ്യാപകരെ കടക്കെണിയിലാക്കി സര്‍ക്കാറിന്റെ ഒഴിഞ്ഞുമാറല്‍. ഉച്ചഭക്ഷണ പദ്ധതിയിനത്തില്‍ പ്രധാധാധ്യാപകര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക തീര്‍ക്കാന്‍ യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എന്നാല്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് എവിടെയും അസൗകര്യങ്ങള്‍ ഉള്ളതായ വിവരം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസവും പ്രതികരിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരില്‍ ഓരോരുത്തര്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടെന്നിരിക്കെ വിഷയത്തെ നിസാരവല്‍ക്കരിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. സ്കൂളിലെ ഉച്ചഭക്ഷണം ആശ്രയിക്കുന്ന കുട്ടികളുടെ അന്നം മുടങ്ങരുതെന്ന നിശ്ചയദാര്‍ഡ്യവും കരുതലുമായി സ്വന്തം നിലയില്‍ തുക ചിലവഴിക്കുന്ന പ്രധാനാധ്യാപകരെ നിരാശരാക്കുന്നതാണ് മന്ത്രിയുടെ നിലപാട്.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പലവ്യഞ്ജനവും പച്ചക്കറിയും പാലും മുട്ടയും വാങ്ങുന്ന കടകളില്‍ തുക സമയബന്ധിതമായി നല്‍കാനാകാത്തതിനാല്‍ വഴിനടക്കാനാകാത്ത സാഹചര്യവുമുണ്ടെന്നാണ് പല സ്ഥലങ്ങളിലെയും അധ്യാപകര്‍ പറയുന്നത്. ചില വിദ്യാലയങ്ങളില്‍ പ്രധാധാധ്യാപകരും സഹ അധ്യാപകരും പിടിഎയും സ്വന്തം നിലയില്‍ തുക മുടക്കിയാണ് ഉച്ചഭക്ഷണ വിതരണം.
കേന്ദ്ര വിഹിതമായി നേരത്തെ കെെമാറിയ 132.99 കോടി രൂപയും സംസ്ഥാന വിഹിതമായ 76.78 കോടിയും ചേര്‍ത്ത് സ്റ്റേറ്റ് നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നാണ് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം.

ഈ തുക ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളം തയ്യാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന് ന്യായീകരിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രധാനാനാധ്യാപകര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക തന്നെ വരുത്തിവെച്ച വിഷയത്തില്‍ തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലയിലാണ് വിഷയത്തെ സര്‍ക്കാര്‍ നേരിടുന്നത്. 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നതെന്ന പരാതിയും കേരള സര്‍ക്കാര്‍ ഉയര്‍ത്തുന്നു. യു.ഡിഎഫ് ഭരണത്തില്‍ സുതാര്യമായി നടന്നുപോയ പദ്ധതി കേന്ദ-സംസ്ഥാന സര്‍ക്കാറുകളുടെ പോരില്‍ പരിഹരിക്കപ്പെടാതെ നീളുമ്പോള്‍ തങ്ങളെന്ത് ചെയ്യുമെന്ന ചോദ്യമുയര്‍ത്തുകയാണ് ലക്ഷങ്ങളുടെ ബാധ്യത കുരുക്കിലായ പ്രധാനാധ്യാപര്‍.

 

തുക കിട്ടിയില്ല; പാൽ തരില്ലെന്ന്
ക്ഷീര സംഘങ്ങൾ

ഉച്ചഭക്ഷണ പദ്ധതിയിനത്തിലെ തുക ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഉച്ചഭക്ഷണ വിതരണം. അടുത്ത ദിവസം മുതൽ പാൽ നൽകില്ലെന്ന് പല ക്ഷീര സംഘങ്ങളും അറിയിച്ചിട്ടുണ്ട്. ജൂൺ മുതൽ ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ നൽകിയ തുകയാണ് കിട്ടേണ്ടത്. സര്‍ക്കാര്‍ നല്‍കുന്നത് അരി മാത്രമാണ്. ആഴ്ചയിൽ രണ്ട് ദിവസം 150 മി.ലിറ്റര്‍ വീതം പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകണം.

പലവ്യഞ്ജന, പച്ചക്കറിക്കടകളിൽ ആയിരക്കണക്കിന് രൂപ കുടിശ്ശികയാണ്. ചില വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരും ചുമതലപ്പെട്ട അധ്യാപകരും കൈയിൽ നിന്ന് ചിലവാക്കിയും കടം വാങ്ങിയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പാചകത്തൊഴിലാളികൾക്കും കൃത്യമായി കൂലി നല്‍കാനാകുന്നില്ല. 150 കുട്ടികൾ വരെ ഒരു കുട്ടിക്ക് എട്ട് രൂപയും തുടർന്ന് 500 കുട്ടികൾ വരെ ഏഴ് രൂപയും അതിന് മേൽ ആറ് രൂപയുമാണ് കിട്ടുന്നത്. ഈ തുക തന്നെ ഒന്നിനും തികയാതെയിരിക്കുമ്പോഴാണ് കുടിശ്ശിക കൂടുന്നത്.

webdesk13: