അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് വെളിപ്പെടുത്തി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്റെ നേതൃത്വത്തില്‍ ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാഹനങ്ങളുടെ യഥാര്‍ത്ഥ ശബ്ദത്തിനുപകരം അമിത ശബ്ദമുണ്ടാക്കുന്നതുമൂലം യാത്രക്കാര്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതായി ദുബൈ പൊലീസ് പറഞ്ഞു. ദുബൈ പോലീസ് പട്രോളിംഗ് എമിറേറ്റിലുടനീളം സജീവമാണെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ ഊന്നിപ്പറഞ്ഞു.
‘2023 ന്റെ തുടക്കം മുതല്‍ ഇതുവരെ 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. 327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന്‍ പരിഷ്‌ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പക്കാര്‍ വാഹനമോടിക്കുന്ന രീതി മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്നും നിയമലംഘനമുണ്ടെങ്കില്‍ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷിതവും സമാധാനപരവുമായ സമൂഹത്തെ നിലനിര്‍ത്താന്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുകയും ട്രാഫിക് സുരക്ഷാ ശ്രമങ്ങളില്‍ കുടുംബത്തിന്റെ പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.