X
    Categories: CultureMoreNewsViews

ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിച്ച ഉനൈറിന് മലയാളി നല്‍കിയത് 50 ലക്ഷം

മലപ്പുറം: ശാരീരികമായ അവശതകള്‍ക്കിടയിലും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിത പ്രാരാബ്ധങ്ങളോട് പൊരുതി ജീവിക്കുന്ന ഉനൈറിന് മലയാളികളുടെ കനിവിന്റെ കൈനീട്ടം. ഉനൈറിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 50 ലക്ഷം രൂപ. ഇതില്‍ 20 ലക്ഷം രൂപ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്ന് ഉനൈര്‍ പറയുന്നു. ബാക്കി പണം കൊണ്ട് കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികിത്സയും ഒരു വീടുമാണ് ഉനൈറിന്റെ സ്വപ്നം.

രണ്ടു ചെറുപ്പക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഉനൈര്‍ എന്ന യുവാവിന്റെ ജീവിതം ലോകമറിയുന്നത്‌. ഉനൈറിന് കൈക്കും കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തിൽ താഴെ മാത്രം. ഒരു ഊന്നുവടിയുടെ സഹായത്തോടെ ഈ മനുഷ്യൻ ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യിൽ പപ്പടക്കെട്ടുമായി. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടും. എന്നാൽ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാൻ ഉണ്ടാവില്ല. ഭാര്യയും മക്കളും ഉമ്മയും
അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യൻ. സുശാന്ത് നിലമ്പൂരാണ് ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷവര്‍ത്തമാനം പങ്കുവച്ചത്.

 

മുൻപ് ഉമ്മ ജോലിയ്ക്ക് പോയിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മയ്ക്ക് കാൻസറാണ്. അതുകൊണ്ട് ഉമ്മ ജോലിക്ക് പോകുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കൾക്ക് അന്ന് ഉനെർ നൽകുന്ന മറുപടി ഇങ്ങനെ. ‘പടച്ചോൻ നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ട് നയിച്ചു ജീവിക്കുകയാണ്..’ എന്നതായിരുന്നു. ഉനൈറിന്റെ ഈ നല്ല മനസിന് മലയാളി നല്‍കുന്ന സമ്മാനമാണ് ഈ സഹായ ഹസ്തം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: