X

താങ്ങാനാവാത്ത വിമാന നിരക്ക്; നിരാശരായി പ്രവാസികള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളിലെ അവധിക്കാലത്തെ നിരക്കിന് സമാനമായി ഡിസംബറിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി എയര്‍ലൈനുകള്‍. നാട്ടില്‍പോകാന്‍ കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ഡിംസബറില്‍ പോയി ജനുവരിയില്‍ തിരികെ വരുന്നവര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള പല എയര്‍ലൈനുകളും ഇരുവശത്തേക്കുള്ള നിരക്കായി ഈടാക്കുന്നത്. സാധാരണ നിലയില്‍ ഇരുപത്തിഅയ്യായിരം രൂപക്ക് ലഭിക്കുന്ന ടിക്കറ്റിനാണ് ഇത്രയും ഉയര്‍ന്ന തുക ഈയാക്കുന്നത്.

നാലംഗ കുടുംബം യാത്ര ചെയ്യണമെങ്കില്‍ മൂന്നുലക്ഷം രൂപ വേണമെന്നതാണ് അവസ്ഥ. ഗള്‍ഫ് നാടുകളില്‍ കുടുംബവുമായി കഴിയുന്ന പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. വീട്ടുവാടക, നിത്യച്ചെലവുകള്‍, മക്കളുടെ പഠനം, നാട്ടിലേക്ക് പണമയക്കല്‍ തുടങ്ങി ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളില്‍ രണ്ടറ്റം മുട്ടിക്കാനുള്ള പ്രയാസത്തിലാണ് നിരവധി പേര്‍ കഴിയുന്നത്.

രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴാണ് പലരും നാട്ടില്‍ പോകുന്നത്. മൂന്നും നാലും വര്‍ഷമായിട്ടും നാട്ടില്‍ പോകാത്തവരുമുണ്ട്. മക്കള്‍ക്ക് മികച്ച പഠനം നല്‍കുകയെന്നതാണ് പലരെയും ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. കുടുംബ സാഹചര്യങ്ങളും മറ്റൊരു ഘടകമാണ്.

ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെയുള്ള പ്രവാസികളുടെ പ്രതികരണത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ അനുകൂല തീരുമാനങ്ങളും അധികൃതരില്‍നിന്നുണ്ടായിട്ടില്ല. പ്രവാസികളോടുള്ള അനീതിക്കെതിരെ നാട്ടില്‍ പലരും നിയമപരമായ പോരാട്ടങ്ങളും നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പ്രഖ്യാപനവുമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ ആരംഭിച്ചതെങ്കിലും അവധിക്കാലത്തും വിശേഷ കാലങ്ങളിലും ഇതര എയര്‍ലൈനുകളുടെ നിരക്ക് തന്നെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഈടാക്കിക്കൊണ്ടിരിക്കുന്നത്

webdesk14: