X
    Categories: indiaNews

ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല;രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത സേനാംഗങ്ങള്‍ക്ക് കൗണ്‍സലിങ്

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തിനിടെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സേനാംഗങ്ങള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ വിഭാഗം. രക്ഷാ പ്രവര്‍ത്തനം സോനംഗങ്ങളില്‍ സൃഷ്ടിച്ച മാനസികാഘാതം ലഘൂകരിക്കുന്നതിനാണിത്.

ദുരന്ത മുഖത്ത് ഏത് കഠിന സാഹചര്യങ്ങളേയും നേരിടാന്‍ പരിശീലനം ലഭിച്ചവരാണ് ദുരന്ത നിവാരണ സേനയില്‍ എത്തുന്നത്. എന്നാല്‍ ഇത്തരമൊരു ദുരന്ത മുഖത്ത് നേരിട്ടു പ്രവര്‍ത്തിക്കേണ്ടി വന്ന അനുഭവം പലര്‍ക്കും ആദ്യമാണ്. അതും ഒന്നും രണ്ടും ദിവസം തുടര്‍ച്ചയായി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്‍ പെറുക്കിക്കൂട്ടി ചേര്‍ത്തുവെക്കേണ്ടി വന്നതും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ശരീരഭാഗങ്ങള്‍ പെറുക്കിയെടുത്ത് ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നതും സേനാംഗങ്ങളിലുണ്ടാക്കിയ മാനസിഘാകാതം വളരെ വലുതാണ്. രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയ വരില്‍ പലര്‍ക്കും കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി എന്‍.ഡി.ആര്‍.എഫ് ഡയരക്ടര്‍ ജനറല്‍ അതുല്‍ കര്‍വാല്‍ പറഞ്ഞു.

വല്ലാത്തൊരു മായിക ലോകത്ത് എത്തിപ്പെട്ട അവസ്ഥാണെന്നാണ് സേനാംഗങ്ങളില്‍ ഒരാള്‍ തന്നോടു പറഞ്ഞതെന്ന് കര്‍വാല്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നാണ് മറ്റൊരു സൈനികന്‍ പറഞ്ഞത്.രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ റെയില്‍ ദുരന്തത്തിനാണ് ഒഡീഷയിലെ ബഹനാഗാ റെയില്‍വേ സ്റ്റേഷന്‍ സാക്ഷിയായത്. ഷാലിമാര്‍ കോറമാന്‍ഡല്‍ എക്പ്രസും ബെംഗളൂരു – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും ചരക്കു വണ്ടിയും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 288 ജീവനുകളാണ് പൊലിഞ്ഞത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

webdesk11: