ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന് ഇരയായ ഏഴ് ദലിത് യുവാക്കളില്‍ ഒരാളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘നീ ഏത് സമുദായത്തില്‍ പെട്ടവനാണ്? നിന്റെ പേരെന്താണ്? എനിക്ക് നിന്നെ നന്നായിട്ടറിയാം. നിന്റെ പേര് ആരിഫ് എന്നാണ്. നീ എന്തിനാണ് ഓടിയത്? നീ ഇനി ഓടിപ്പോകുമോ? നീ പശുവിനെ വധിച്ചു.
അക്രമികളില്‍ ഒരാള്‍ വീഡിയോയില്‍ പറയുന്നത്
34 ആളുകളുടെ പേരും സിഐഡി കുറ്റപത്രത്തിലുണ്ട്. ഇതില്‍ നാല് പേര്‍ പൊലീസുകാരാണ്. ഉന പൊലീസ് സ്‌റ്റേഷന് തൊട്ടു മുമ്പിലാണ് ആക്രമണം നടന്നതും. ആക്രമണത്തിന് നേതൃത്വം കൊടുത്ത ‘സനാതന ഗോ സേവാ ട്രസ്റ്റ്’ മേധാവി ശാന്തിലാല്‍ മോന്‍പാര മര്‍ദ്ദനത്തിനിരയായവര്‍ ഗോവധം നടത്തിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈ 11നായിരുന്നു ഗുജറാത്തിലെ മോത്ത സമാധിയാല ഗ്രാമത്തിലെ ദലിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്. ഗോ വധം നടത്തിയെന്നാരോപിച്ച് തുകല്‍ തൊഴിലാളികളായ യുവാക്കളെ വാഹനത്തോട് ചേര്‍ത്തുകെട്ടി വസ്ത്രമുരിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. പശുക്കള്‍ സിംഹത്തിന്റെ ആക്രമണത്തില്‍ ചത്തതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.