ഉന: ഉനയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദനത്തിനിരയായ ദലിത് യുവാക്കള്‍ക്ക് നേരെ വീണ്ടും അതിക്രമം. രമേശ് സര്‍വേയ, അശോക് സര്‍വേയ എന്നിവരാണ് വീണ്ടും മര്‍ദനത്തിനിരയായത്. നേരത്തെ ഇവരെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ കിരണ്‍സിങ് ബാലുഭായ് ദര്‍ബാര്‍ എന്ന വ്യക്തിയാണ് ഇരുവരേയും മര്‍ദിച്ചത്.
ഞായറാഴ്ച ഇവരും കുടുംബാംഗങ്ങളും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനിരിക്കുകയായിരുന്നു. ബുധനാഴ്ച ഇതിനായുള്ള സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ തിരിച്ചു വരുമ്പോഴാണ് അക്രമമുണ്ടായത്. ഇവരുടെ അതേ വഴിയില്‍ വന്ന ബാലു ഭായ് ദര്‍ബാര്‍ ഇവരുടെ ബൈക്ക് തടഞ്ഞ് ഇവരെ അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ദര്‍ബാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് അക്രമിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമത്തെ തുടര്‍ന്ന് രമേശും അശോകും ഉന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബാലു ഭായിക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.എം ഖുമാന്‍ പറഞ്ഞു.
2016 ജൂണിലാണ് ഉനയില്‍ ഒരേ കുടുംബത്തിലെ നാലുപേരടക്കം ആറ് ദലിത് യൂവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. നാല് പൊലീസുകാരുള്‍പ്പെടെ 43 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ആറ് പേരൊഴികെ മറ്റു പ്രതികളെല്ലാം ജാമ്യത്തില്‍ പുറത്തിറങ്ങി. ഒരു പ്രതി 2016 സെപ്റ്റംബറില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.