യുഎന്‍: ലോകത്ത് ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ഒരു കോടി 80 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്തിനു പുറത്തു കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇ, യുഎസ്, സൗദി എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളത്. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടെന്ന് യുഎന്‍ പോപ്പുലേഷന്‍ അഫയേഴ്‌സ് ഓഫിസര്‍ ക്ലെയര്‍ മനോസി പറഞ്ഞു.
സാധാരണ ഗതിയില്‍ ഒരു രാജ്യത്തെ പ്രവാസികള്‍ മറ്റേതെങ്കിലും രാജ്യത്തോ മേഖലയിലോ ആണ് മുഖ്യമായും കേന്ദ്രീകരിക്കുക. എന്നാല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കന്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലും എല്ലാം എത്തിയിട്ടുണ്ട്. മെക്‌സിക്കോ, റഷ്യ (1 കോടി 10 ലക്ഷം വീതം) ചൈന (ഒരു കോടി), സിറിയ (എണ്‍പതു ലക്ഷം) എന്നിവയാണ് മറ്റു പ്രധാന പ്രവാസി സമൂഹങ്ങള്‍.
യുഎഇയില്‍ 35 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. യുഎസില്‍ 27 ലക്ഷവും സൗദിയില്‍ 25 ലക്ഷവും ഇന്ത്യക്കാര്‍ ഉണ്ട്. ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്ഥാന്‍, യുകെ എന്നിവിടങ്ങളിലെല്ലാം ഗണനീയമായ വിധത്തില്‍ ഇന്ത്യന്‍ പ്രവാസികളുണ്ട്.
2000 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ ഏറ്റവുമധികം ഇന്ത്യയില്‍ നിന്നാണ്. ഒരു കോടി ഇന്ത്യക്കാര്‍ ഈ കാലയളവില്‍ പ്രവാസികളായി. സിറിയ, വെനസ്വേല, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയ്ക്കു പിന്നിലായി ഈ കാലയളവില്‍ കൂടുതല്‍ പ്രവാസികളുണ്ടായത്.