യുനൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ആണവായുധ, മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി ശക്തമായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനാണ് ഈ ശിക്ഷാനടപടി. ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കാനുള്ള തീരുമാനം 15 അംഗ രക്ഷാസമിതി ഐകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.
ഉത്തരകൊറിയയുടെ പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഉത്തരകൊറിയയുടെ വ്യാപാര പങ്കാളികളായ ചൈനയും റഷ്യയും ഉപരോധത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പുതിയ ഉപരോധപ്രകാരം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉത്തരകൊറിയക്കാരും രണ്ടു വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഉത്തരകൊറിയക്ക് അകത്തേക്കും പുറത്തേക്കും പെട്രോള്‍, കല്‍ക്കരി തുടങ്ങി നിരോധിത ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്ന കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യു.എന്‍ പ്രമേയം വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും ആവശ്യപ്രകാരം ഭേദഗതികളോടെയാണ് പ്രമേയം അംഗീകരിച്ചത്. വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 12 മാസത്തില്‍നിന്ന് 24 മാസമാക്കി ഉയര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഉപരോധത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ലോകത്തിന് ആവശ്യം സമാധാനമാണെന്നും മരണമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള രോഷമാണ് ഉപരോധങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണ തെളിയിക്കുന്നതെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. സംസ്‌കരിച്ച പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ഉത്തരകൊറിയന്‍ സമ്പദ്ഘടനക്ക് കടുത്ത തിരിച്ചടിയാകും. ഉത്തരകൊറിയയില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, കല്ലുകള്‍, മരം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 29ന് നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചിരുന്നു. പ്രകോപനങ്ങള്‍ നിര്‍ത്താന്‍ സമയമായെന്ന ശക്തമായ സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഉത്തരകൊറിയന്‍ ഭരണകൂടത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് ബ്രിട്ടന്റെ യു.എന്‍ അംബാസഡര്‍ മാത്യു റിഗ്രോഫ് വ്യക്തമാക്കി.