ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാ സമിതി. യു.എസ് നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോക രാഷ്ട്രങ്ങള്‍ എതിര്‍പ്പുയര്‍ത്തിയത്. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിക്കു പുറമെ ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ മാത്രമാണ് അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്.
വൈറ്റ് ഹൗസ് നടപടി മധ്യപൂര്‍വേഷ്യയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ന്യൂയോര്‍ക്കിലാണ് അടിയന്തര രക്ഷാ സമിതി യോഗം ചേര്‍ന്നത്. 15 അംഗ രക്ഷാ സമിതിയില്‍ എട്ട് അംഗങ്ങളാണ് രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. ജറൂസലേമിന്റെ പദവി സംബന്ധിച്ച് ഇസ്രാഈലിനും ഫലസ്തീനും ഇടയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം കൈക്കൊള്ളാവൂവെന്ന് യോഗ ശേഷം അഞ്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉറച്ചതും വ്യക്തവുമായ നിലപാടുണ്ട്. ഇസ്രാഈല്‍- ഫലസ്തീന്‍ തര്‍ക്ക പരിഹാരം ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന ബോധ്യമുണ്ട്. ജറൂസലേമിനെ ഒരേ സമയം ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും തലസ്ഥാനമായി നിലനിര്‍ത്തണം. ഇസ്രാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയൂ. അതുവരെ ജറൂസലേമിന്റെ പരമാധികാരത്തെ യൂറോപ്യന്‍ യൂണിയന്‍ ഒരു കാരണവശാലും അംഗീകരിക്കില്ല- സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംയുക്ത പ്രസ്താവന പുറത്തിറക്കാതെയാണ് രക്ഷാ സമിതി യോഗം പിരിഞ്ഞത്. ഐക്യരാഷ്ട്രസഭക്ക് ഇസ്രാഈലിനോട് ശത്രുതാ മനോഭാവമാണെന്നായിരുന്നു യു.എന്‍ പ്രതിനിധി നിക്കി ഹാലിയുടെ കുറ്റപ്പെടുത്തല്‍. വര്‍ഷങ്ങളായി യു.എന്‍ ഈ നിലപാട് തുടരുന്നതായും അവര്‍ കുറ്റപ്പെടുത്തി. യു.എസ് തീരുമാനം മധ്യപൂര്‍വേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ യു.എന്‍ പ്രത്യേക പ്രതിനിധി നിക്കോളായ് മ്ലഡനോവ് പറഞ്ഞു. പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുണ്ട്. രാഷ്ട്ര നേതാക്കള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പ്രകോപനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രമിക്കണമെന്നും ജറൂസലേമില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്ത മ്ലഡ്‌നോവ് നിര്‍ദേശിച്ചു.
ജറൂസലേം ഇസ്രാഈലികളുടേയും ഫലസ്തീനികളുടേയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ലോകമൊട്ടുക്കുമുള്ള വിവിധ മതങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകവും ആണിക്കല്ലുമാണ്. ചര്‍ച്ചകളിലൂടെ അല്ലാതെ ജറൂസലേമിന്റെ പദവി സംബന്ധിച്ച് തീരുമാനമെടുക്കരുത്. ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതക്കിടയിലും മധ്യപൂര്‍വേഷ്യന്‍ മേഖലയിലും വ്യാപക രോഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ക്രിയാത്മക ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടു വരാന്‍ കഴിയൂ- മ്ലഡ്‌നോവ് കുറ്റപ്പെടുത്തി. ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും നേരത്തെതന്നെ യു.എസ് തീരുമാനത്തെ തള്ളിപ്പറഞ്ഞിരുന്നു.
ലോകരാഷ്ട്രങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ് ഫലസ്തീന്‍ അംബാസഡര്‍
ന്യൂയോര്‍ക്ക്: പിറന്ന മണ്ണിന്റെ മോചനത്തിനു വേണ്ടി ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലായിരുന്നു റിയാദ് മന്‍സൂറിന്റെ വാക്കുകള്‍.
ജറൂസലേം ചുവപ്പു രേഖയിലാണ്. ജറൂസലേം വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തിയാലല്ലാതെ ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ഫലസ്തീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ ഞാന്‍ പ്രശംസിക്കുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണത്. പ്രകോപനപരമായ തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ട എല്ലാ രാഷ്ട്രങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു. ജറൂസലേമിനു മേല്‍ ഇസ്രാഈലിന് പരമാധികാരം ഉള്ളതായി ഒരു കാലത്തും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ പദവി പരിഹരിക്കപ്പെടാത്ത പ്രശ്‌നം എന്ന നിലയില്‍ തന്നെ തുടരും. അന്തിമ തീര്‍പ്പിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യും- റിയാദ് മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.