X

ആണവായുധ നിരോധം; യു.എന്നിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു

യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് 38നെതിരെ 123 വോട്ടുകള്‍ക്ക് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി. രക്ഷാസമിതിയിലെ അഞ്ചംഗങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും യു.എസും പ്രമേയത്തെ എതിര്‍ത്തു. ഓസ്ട്രിയ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആണവായുധ നിരോധനം സംബന്ധിച്ച് ആഗോളതലത്തില്‍ പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രമേയമവതരിപ്പിച്ചത്.

2017 മാര്‍ച്ചില്‍ പുതിയ കരാറിനായുള്ള കൂടിയാലോചനകള്‍ ആരംഭിക്കും. ഇതിനായി അടുത്ത വര്‍ഷം യു.എന്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കും. നിര്‍ദിഷ്ട കോണ്‍ഫറന്‍സു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഡി.ബി വെങ്കടേശ് പറഞ്ഞു.
ആണവായുധങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗം മാനവരാശിക്ക് മഹാദുരന്തം വിതയ്ക്കുമെന്ന ആശങ്ക പ്രമേയം അവതരിപ്പിച്ച രാജ്യങ്ങള്‍ പ്രകടിപ്പിച്ചു. ആണവനിര്‍വ്യാപന കരാറിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ആണവായുധ നിരോധനം സാധ്യമാകൂ എന്ന നിലപാടായിരുന്നു പ്രമേയത്തെ എതിര്‍ത്ത രാജ്യങ്ങളുടെ നിലപാട്.
പ്രമേയം വോട്ടിനിട്ട് പാസാക്കിയതിനെ ചരിത്രപരമായ നിമിഷമെന്ന്് ആണവായുധ നിരോധനത്തിനായുള്ള രാജ്യാന്തര ക്യാംപെയിനിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിയാട്രിസ് ഫിന്‍ വിശേഷിപ്പിച്ചു. ഒറ്റരാത്രി കൊണ്ട് ആണവായുധങ്ങള്‍ ഇല്ലാതാക്കാന്‍ ആകില്ലെന്നും എന്നാല്‍ അതിനുള്ള ശക്തമായ തുടക്കമിടാന്‍ കരാറിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തി. വോട്ടെടുപ്പില്‍ ചൈനയ്ക്കും പാകിസ്താനുമൊപ്പം വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുരന്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 28 വര്‍ഷമായി ആണവായുധമില്ലാത്ത ലോകത്തിനായി പരിശ്രമിക്കുകയാണ് ഇന്ത്യ. പ്രമേയത്തെ എതിര്‍ക്കുന്നവരുടെയോ അനുകൂലിക്കുന്നവരുടെയോ പക്ഷത്ത് നില്‍ക്കാതെ വിട്ടുനിന്നത് ഭീരുത്വപരമായ നടപടിയായി- അദ്ദേഹം കുറ്റപ്പെടുത്തി. ആണവനിരായുധീകരണത്തിനായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ ചെയര്‍മാനായിരുന്നു മണി ശങ്കര്‍ അയ്യര്‍.

chandrika: