ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രസിഡന്റ് സബ കൊറോസി ഇന്ത്യ സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനാണ് എത്തുന്നത്. ജനുവരി 29 മുതല്‍ 31 വരെയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ചില്‍ നടക്കുന്ന യുഎന്‍ജല സമ്മേളനത്തിന് മുന്നോടിയായി ജനറല്‍ അസംബ്ലിയും ശാസ്ത്രവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് യാത്രയുടെ പ്രഥമ ലക്ഷ്യം.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ഇന്ത്യയുടെ ജലസംരക്ഷണ പദ്ധതികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രസിഡന്റ് ചര്‍ച്ച ചെയ്യും. ബംഗളുരു സന്ദര്‍ശിച്ച് ജലപദ്ധതി പ്രദേശം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ദേശീയ ശാസ്ത്രജ്ഞരുമായും വിദ്യാഭ്യാസ വിചക്ഷണരുമായും അദ്ദേഹം സംവദിക്കും.
മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക സമയത്ത് എത്തുന്നതിനാല്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ദേശീയ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുമായും ആശയവിനിമയം നടത്തും. ഇന്ത്യയിലെ ജി20 സെക്രട്ടേറിയറ്റിലേക്കുള്ള സന്ദര്‍ശനത്തിനിടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയും കൊറോസി കാണും.