ന്യൂയോര്‍ക്ക്: യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. 143 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. റഷ്യയും മറ്റ് നാല് രാജ്യങ്ങളും മാത്രമാണ് എതിര്‍ത്തത്. യുക്രെയ്‌ന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
യു.എന്‍ പ്രമേയത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വിമര്‍ശിച്ചു. നയതന്ത്ര ഭീകരത ഉപയോഗിച്ച് പാശ്ചാത്യ ശക്തികളാണ് പ്രമേയത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ മുറുകി. വ്യോമ പ്രതിരോധ കവചം ഉള്‍പ്പെടെ കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ അയച്ചുകൊടുത്ത് യുക്രെയ്‌നെ സഹായിക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും തയാറെടുപ്പ് നടത്തുന്നുണ്ട്.
ബ്രസല്‍സില്‍ നാറ്റോയുടെ ആണവ ആസൂത്രണ ഗ്രൂപ്പ് രഹസ്യ ചര്‍ച്ച നടത്തി. യുക്രെയ്‌ന്റെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. സ്ഥിതി വഷളാകാതെ വേണം യുക്രെയ്‌നുള്ള പിന്തുണയെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് നാറ്റോ പോകുന്നതെന്ന് റഷ്യന്‍ സുരക്ഷാ സമിതി ഡെപ്യൂട്ടി സെക്രട്ടറി അലക്‌സാന്‍ഡര്‍ വെനഡിക്ടോവ് പറഞ്ഞു. അത്തരം നീക്കങ്ങള്‍ ആത്മഹത്യാപരമാണെന്ന് നാറ്റോ അംഗങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അസ്താനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമാധാനപരമായ നീക്കങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും മുഖ്യ അജണ്ട അതു തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.