ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗ രാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം യുഎന്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായത്. ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്കായും സാമ്പത്തിക സഹായങ്ങള്‍ക്കും പണം തികയാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ.
ഫണ്ടില്ലാത്തതോടെയാണ് യുഎന്‍ സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. സംഘടന നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെക്രട്ടറി അറ്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അംഗ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ തടസപ്പെട്ടതോടെയാണ് സാമ്പത്തിക പ്രതിസന്ധി പടിമുറുക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ക്ക് സെക്രട്ടറി കത്തയച്ചത്. 112 രാജ്യങ്ങളാണ് യുഎന്നില്‍ അംഗത്വമുള്ളത്.
യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം തുക നല്‍കിയിരുന്നത് യുഎസ് ആയിരുന്നു. ബജറ്റ് വിഹിതത്തിന്റെ 22 ശതമാനവും സമാധാന സംരക്ഷണ ബജറ്റിലേക്കുള്ള 28.5 ശതമാനവും യുഎസ് നല്‍കിയിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ വിഹിതം വര്‍ദ്ധിപ്പിക്കട്ടെ അതിനു ശേഷം നല്‍കാമെന്നാണ് യുഎസ് പ്രതിനിധി നിക്കി ഹാലി പറയുന്നത്. 25 ശതമാനം മാത്രമേ ഇക്കുറി യുഎസ് നല്‍കുകയുള്ളു എന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള 112 രാജ്യങ്ങള്‍ യുഎന്നിലേക്കുള്ള സംഭാവന നല്‍കിയിരുന്നു. ഒരു കോടി 79 ലക്ഷം ഡോളറാണ് ഇന്ത്യയുടെ വിഹിതം. 149 കോടി ഡോളറാണ് അംഗരാജ്യങ്ങളില്‍ നിന്ന് യുഎന്നിന് ലഭിക്കേണ്ടത്. അഫ്ഗാനിസ്താനും ബംഗ്ലാദേശും ബ്രസീലും യുഎസും ഉള്‍പ്പെടെ 81 രാജ്യങ്ങളാണ് ഇനിയും വിഹിതം അടക്കാനുള്ളത്.