യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്ത്. ഇസ്രായേലിനോട് വിരുദ്ധ വികാരമാണ് യു.എന്‍ കൈക്കൊള്ളുന്നതെന്നും അതിനാല്‍ കൗണ്‍സില്‍ വിടുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിലെത്തുമെന്നും അമേരിക്ക അറിയിച്ചു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുമ്പോഴാണ് യുഎന്നിനെ വിമര്‍ശിച്ച് യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എറിന്‍ ബാര്‍ക്ലേ രംഗത്തെത്തിയത്.
അനധികൃതകുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനവുമടക്കം നിരവധി വിഷയങ്ങളില്‍ ഇസ്രായേലിനെതിരെ യുഎന്‍ കൗണ്‍സില്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതാണ് അമേരിക്കയുടെ തുറന്നുപറച്ചിലിന് കാരണം. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേലിനെ തുടര്‍ച്ചയായി വിമര്‍ക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. യുദ്ധക്കുറ്റങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ ഇസ്രായേലിനെ മന:പൂര്‍വ്വം വിമര്‍ശിക്കുകയാണ്. സമാനരീതിയില്‍ സിറിയും ഇറാനും ഉത്തരകൊറിയയെല്ലാരുമുണ്ടായിരിക്കെ ഇസ്രായേലിനെതിരെ മാത്രം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതും ശരിയല്ല. ഇതിലൂടെ യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പക്ഷപാതിത്വമാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കൗണ്‍സിലില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അമേരിക്ക അറിയിച്ചു.
ഇസ്രായേലിനോടുള്ള തങ്ങളുടെ പക്ഷപാതിത്വപരമായ സമീപനം തുറന്നുപറഞ്ഞ അമേരിക്കന്‍ പ്രതിനിധി യുഎന്നിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനോടുള്ള കൗണ്‍സിലിന്റെ നിലപാട് പുന:പരിശോധിക്കണമെന്നും എങ്കില്‍ മാത്രമേ അംഗത്വത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും അറിയിച്ചു.