അഷ്റഫ് വേങ്ങാട്ട്
റിയാദ്: ഹജ്ജ് കര്‍മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അനുമതി നാളെ മുതല്‍ ലഭ്യമാകില്ല.ഇനി ഹജ്ജിന് ശേഷം മാത്രമേ ഉംറക്ക് അനുമതി ലഭിക്കുകയുള്ളൂ.
നാട്ടില്‍ നിന്ന് ഉംറ വിസയടിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതിയും ഇന്നാണ്. ഉംറ വിസയില്‍ സഊദിയിലുള്ളവര്‍ ജൂണ്‍ 18ന് മുമ്പായി സഊദിയില്‍ നിന്ന് മടങ്ങണം. ഉംറ വിസയിലെത്തി മടങ്ങാത്തവര്‍ക്ക് കനത്ത പിഴയും മറ്റു ശിക്ഷ നടപടികളുമാണ് നേരിടേണ്ടി വരിക. ഹജ്ജ് തീര്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുല്‍ഖഅദ് 15 ന് ഉംറ തീര്‍ത്ഥാടകരുടെ വരവ് നിയന്ത്രിക്കുകയും ദുല്‍ഖഅദ് മുപ്പതിനകം ഉംറ വിസയിലെത്തിയവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്നുമാണ് ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.