അഷ്റഫ് വേങ്ങാട്ട്
റിയാദ് : അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും ബംഗ്‌ളാദേശ് പൗരന്മാരാണ്. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലയാളികള്‍ ആരും ഇക്കൂട്ടത്തിലില്ല.
റിയാദില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് അഖബക്കടുത്ത് വെച്ചാണ് തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ ദാരുണമായ അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന ബറക്ക ഉംറ ഗ്രൂപ്പാണ് ഉംറ ട്രിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഖമീസ് മുശൈതിനും സമീപ പ്രദേശത്തുമുള്ള 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത് . അഞ്ച് യമന്‍ പൗരന്മാര്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് സുഡാന്‍ പൗരന്മാര്‍, ഓരോ പാകിസ്ഥാന്‍ , ഈജിപ്ത് പൗരന്മാര്‍ എന്നിവരൊഴികെ 36 പേരും ബംഗ്‌ളദേശ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരായിരുന്നു. വിശുദ്ധ മാസത്തില്‍ ആദ്യ വാരത്തില്‍ തന്നെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
അബഹക്കും മഹായിലിനും ഇടയില്‍ ശഹ്ര്‍ അല്‍ റാബത്ത് ചുരത്തില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപെട്ട ബസ്സ് കൈവരികള്‍ തകര്‍ത്ത് താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് പതിച്ചത് . കിടങ്ങിലേക്ക് പതിച്ച ഉടനെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കത്തിയമര്‍ന്നതോടെ തെറിച്ചു വീണവരൊഴികെ ബാക്കിയുള്ളവരെല്ലാം ബസിനുള്ളില്‍ പെട്ടു.
അബഹയിലെയും മഹായിലിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 26 പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റസാഖാന്‍ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ള ഇന്ത്യക്കാര്‍.
മിക്കവരുടെയും മൃതദേഹങ്ങള്‍ കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടനെ കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ബസ്സില്‍ ആളിപ്പടര്‍ന്ന തീയണച്ചുവെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല.സ്ഥലത്തെത്തിയ സഊദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
രാത്രിയോടെയാണ് അപകട വിവരം പുറംലോകമറിഞ്ഞത്. നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടിപ്പിച്ച അപകടത്തില്‍ ആരൊക്കെയാണ് ഉള്‍പെട്ടതെന്നുള്ള ഉല്‍കണ്ഠയിലായിരുന്നു സഊദിയിലെ പ്രവാസികള്‍. അബഹയിലെയും ഖമീസിലെയും പ്രവാസികളെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അപകടം നടന്ന നേരമെന്ന് ഖമീസ് മുശൈത്ത് കെഎംസിസി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. സംഭവം നടന്ന് വാര്‍ത്ത പ്രചരിച്ച ഉടനെ നിരവധി ടെലിഫോണ്‍ കാളുകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അസീര്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ നിര്‍ദേശം നല്‍കി . മഹായില്‍ ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ ഖര്‍ക്ക സംഭവ സ്ഥലവും പരിക്കേറ്റവരുള്ള ആശുപത്രികളും സന്ദര്‍ശിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.