X

ഓഗസ്റ്റ് ഒന്ന് മുതല്‍ ഉംറക്ക് അനുമതി

റിയാദ്:ഹജ്ജിന് ശേഷം വീണ്ടും വിശുദ്ധ ഉംറക്കുള്ള അനുമതി നല്‍കി തുടങ്ങി. സഊദിയില്‍ നിന്നുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 29 വരെയുള്ള തീയതികളില്‍ ഉംറ നിര്‍വഹിക്കാനുള്ള അനുമതിയാണ് ആപ്പുകള്‍ വഴി നല്‍കി വരുന്നത്. മുഹറം ഒന്ന് മുതല്‍ ഉംറക്ക് അവസരം നല്‍കുമെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തവക്കല്‍ന, ഇഅതിമര്‍ന ആപുകള്‍ വഴിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. ഉംറക്കും റൗള ശരീഫിലെ നിസ്‌കാരത്തിനും മാത്രമാണ് മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമുള്ളത്. മക്കയില്‍ മസ്ജിദുല്‍ ഹറമിലും മദീനയില്‍ മസ്ജിദുല്‍ നബവിയിലും നിസ്‌കാരത്തിനും റൗളയിലെ സന്ദര്‍ശനത്തിനും അനുമതി ആവശ്യമില്ലെന്നാണ് ഇരുഹറം കാര്യാലയം നേരത്തെ അറിയിച്ചത്.

ഹജ്ജിനോടനുബന്ധിച്ച് തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് ജൂണ്‍ 23 മുതല്‍ അനുമതി നിര്‍ത്തലാക്കിയ ഉംറ കര്‍മം ഹാജിമാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ അനുമതി നല്‍കിയത്. ഇതുമൂലം സ്വദേശങ്ങളിലേക്ക് മടങ്ങുന്ന വിദേശ ഹാജിമാര്‍ക്ക് തടസ്സങ്ങളില്ലാതെ ഉംറ നിര്‍വഹിക്കാന്‍ സാധിച്ചിരുന്നു. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉംറക്കുള്ള അപേക്ഷകള്‍ ജൂലൈ 14 മുതല്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അനുമതി നല്‍കുന്ന സമയം വ്യക്തമാക്കിയിട്ടില്ല. ഒരു കോടി തീര്‍ത്ഥാടകരെയാണ് ഈ ഹിജ്‌റ വര്‍ഷത്തില്‍ സഊദി ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും സാധിക്കുന്ന വിധത്തില്‍ നൂതനമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്.

സേവനത്തിനായി അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Chandrika Web: