അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ആത്മവിശ്വാസത്തോടെ മാറ്റങ്ങളുമായി സഊദി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പുണ്യഭൂമികളിലെത്തി വിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രയാസപ്പെട്ടിരുന്ന വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസാന്‍ പങ്ക് വെച്ചത്. ദിനം പ്രതി ഒരു ലക്ഷത്തി ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇത് അറുപതിനായിരം പേര്‍ക്കാണുള്ളത്. സമയബന്ധിതമായി ഇത് 90000 പേര്‍ക്കും പിന്നീട് 120000 വരെയുമാക്കും. വരും മാസങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കും .
ഇക്കൊല്ലത്തെ ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്ച്ച രാത്രി ജിദ്ദ വഴി മദീനയിലെത്തി. വിദേശ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറം കാര്യാലയങ്ങളും ഹജ്ജ് ഉംറ മന്ത്രാലയവും ഒരുക്കിയിട്ടുള്ളത്. വിദേശ തീര്‍ത്ഥാടകരുടെ എണ്ണം തുടക്കത്തില്‍ പരിമിതമാണെങ്കിലും ക്രമേണ ഉയര്‍ത്തികൊണ്ടു വരുമെന്ന് അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തി. ആഗോളതലത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ലോകമുസ്ലിംകളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതില്‍ പരമാവധി സൗകര്യങ്ങള്‍ ചെയ്യാന്‍ സഊദി പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു .
വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മുന്‍കാലങ്ങളെ പോലെ തീര്‍ത്ഥാടക പ്രവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഉംറ വിസക്ക് അനുമതി നല്‍കിയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അനുമതി വൈകുന്നത് .
വിദേശ തീര്‍ത്ഥാടകരുടെ വരവും കാത്തിരിക്കുകയാണ് മക്കയിലെ വ്യാപാരികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരു ഹറമുകള്‍ക്കും സമീപമുള്ള നൂറുകണക്കിന് വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതിന് തുല്യമായ നിലയിലാണ്. വലിയൊരു ശതമാനം കച്ചവടകേന്ദ്രങ്ങള്‍ ഇതിനകം അടച്ചു പൂട്ടുകയും ചെയ്തിരുന്നു. വിദേശ തീര്‍ത്ഥാടകരെ പ്രതീക്ഷിച്ച് ബിസിനസ് നടത്തിയിരുന്നു മലയാളികള്‍ ഉള്‍പ്പടെയുളള പുതിയ തീരുമാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് .