തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മുന്നണി സംവിധാനം ശക്തമായ രീതിയില്‍ കൊണ്ടുപോകുന്നതിന് എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുകയെന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് കുര്യന്‍ അത്തരത്തില്‍ പ്രതികരിച്ചത്. താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോട് നേരിട്ട് ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോട് വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവും മാത്രമേയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്നണി സംവിധാനം ശക്തമായ രീതിയില്‍ കൊണ്ടുപോകുന്നതിന് എല്ലാവരും ചേര്‍ന്നാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. ചില തെറ്റിദ്ധാരണകള്‍ കാരണമായി പ്രതിഷേധമുണ്ടായത്. യു.ഡി.എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇടപ്പെട്ടത്.
1980 മുതല്‍ കുര്യന്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി കുര്യന്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ നല്‍കിയ സീറ്റ് സത്യത്തില്‍ കേരള കോണ്‍ഗ്രസിന് അവകാശവാദമുന്നയിക്കാമായിരുന്നു. എന്നാല്‍ അവര്‍ക്ക് അടുത്ത തവണ നല്‍കാമെന്ന് പറഞ്ഞ് സീറ്റ് പി.ജെ കുര്യനു നല്‍കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.