തൃശൂര്‍: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്‍ ടി.കെ ഹംസ കമ്മീഷന്‍ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുകയും ആറു പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇതാരാണ് ഹംസയോട് പറഞ്ഞത്?, ഉമ്മന്‍ചാണ്ടി ചോദിച്ചു. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടട്ടെ. യു.ഡി.എഫിനും കോണ്‍ഗ്രസിനും തനിക്കും ഇതില്‍ യാതൊരു വിധത്തിലുമുള്ള പേടിയില്ല. തെറ്റു ചെയ്യാത്തതിനാല്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.