മലപ്പുറം: കേരളത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മനസ്സുവരില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാറാണ് സംസ്ഥാനത്തുള്ളത്. അക്രമരാഷ്ട്രീയം മുതല്‍ക്കൂട്ടാക്കിയ എല്‍ഡിഎഫിനെതിരെ ആരും വോട്ടു ചെയ്യില്ല. മലപ്പുറത്ത് നടക്കുന്നത് സൗഹൃദ മത്സരമല്ല. മറിച്ച് രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുള്ള ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും വോട്ടു ചെയ്യുന്നത് ജനങ്ങളായതു കൊണ്ട് മത്സരത്തില്‍ സൗഹൃദമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ജനവികാരം കൂടിയാകും തെരഞ്ഞെടുപ്പു ഫലം. പല കാര്യങ്ങളിലും ധാരണയില്ലാതെയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെട്ടു.
കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും എല്‍ഡിഎഫിന് വോട്ടു ചെയ്യാനാവില്ല: ഉമ്മന്‍ചാണ്ടി

