X

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോ?; മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനേയും വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി.
തന്റെ ഭരണകാലത്ത് നടന്ന 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ പറയാന്‍ ധൈര്യം കാണിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു.

എല്ലാം ശരിയാക്കുമെന്ന് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ എല്ലാം ഇല്ലാതാക്കുകയാണെന്ന്, ഇന്നലെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. കാര്‍ഷിക മൊറോട്ടോറിയത്തിന്റെ ഉത്തരവ് അഞ്ച് ദിവസം വൈകിപ്പിച്ചതോടെ കര്‍ഷകര്‍ക്ക് ആനുകൂല്യം നഷ്ടമായിരിക്കുകയാണ്. പെരുമാറ്റച്ചട്ട കാലാവധി കഴിയുമ്പോഴേക്കും ഒരുപാട് കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടും. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.പി.എയും യു.ഡി.എഫും പ്രതിജ്ഞാബദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുല്‍ പ്രഖ്യാപിച്ച പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. കര്‍ഷകരും കാര്‍ഷികമേഖലയും ശക്തമായാലേ രാജ്യം ശക്തമാവുകയുള്ളൂ.
രാജ്യത്ത് ഏറ്റവും പ്രയാസം അനുഭവിക്കുന്നത് കര്‍ഷകരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കര്‍ഷകര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. ഉല്‍പാദന ചെലവു പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വില നിര്‍ണയത്തില്‍പോലും കര്‍ഷകര്‍ക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണ്. മനുഷ്യ ജീവന് വന്യജീവികളുടേതിനേക്കാള്‍ വിലയുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗ സംരക്ഷണ നിയമം ജനങ്ങള്‍ക്ക് എതിരാവരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാതൃകാ ജനപ്രതിനിധിയാണ് എം.കെ രാഘവന്‍. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എം.പി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

chandrika: