ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ഡല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ഖാലിദിനെ കോടതിയില്‍ ഹാജരാക്കിയത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ അതിക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഈ മാസം 14നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സെപ്തംബര്‍ 24 വരെ പത്തു ദിവസത്തേക്ക്് ഉമര്‍ഖാലിദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനിടെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
കലാപം നടത്തുന്നതിനായുള്ള ഗൂഢാലോചന നടത്തിയെന്നാണ് ഉമര്‍ ഖാലിദിനെതിരുള്ള കുറ്റം. ഡല്‍ഹി കലാപത്തിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കള്ളസാക്ഷി മൊഴി നല്‍കാന്‍ പലരെയും നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് ഉമര്‍ ഖാലിദ് നേരത്തെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.