X

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. മൃതദേഹം വൈകിട്ട് ഏഴുമണിയോടെ ഉമ്പായി താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി കൂവപ്പാടം ശാന്തി നഗര്‍ ഗസലിലേക്ക് കൊണ്ടുവന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഇന്ന് രാവിലെ എട്ടു മണിയോടെ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഖബറടക്കം ഉച്ചക്ക് 12ന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍. ഭാര്യ: അഫ്‌സ. മക്കള്‍: ഷൈലജ, സബിത, സമീര്‍. മരുമക്കള്‍: നിഷാദ്, നൗഫല്‍. മാര്‍ച്ച് എട്ടിന് കുവൈത്തില്‍ ഒരു ഗസല്‍ പ്രോഗ്രാമിന് പോവാനിരിക്കെയാണ് ഉമ്പായിക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഗസല്‍ എന്ന സംഗീത ശാഖയെ മലയാളിക്ക് പ്രിയതരമാക്കിയതില്‍ ഉമ്പായിയുടെ പങ്ക് നിസ്തുലമായിരുന്നു. ഡോ.ഹസ്രത്ത് ജയ്പുരിയുടെ വരികള്‍ ഈണമിട്ട് പാടിയ ആദാബ് ആയിരുന്നു ആദ്യ ഗസല്‍ ആല്‍ബം. വേണു വി ദേശത്തിന്റെ വരികള്‍ക്ക് ഈണം നല്‍കി പ്രണാമം എന്ന പേരില്‍ പുറത്തിറക്കിയ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ജീവിതത്തിലെ വഴിത്തിരിവായി. ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി തുടങ്ങിയവരുടെ വരികളും പിന്നീട് ഗസലുകളാക്കി മാറ്റി. ഉമ്പായിക്ക് വേണ്ടി മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളാണ് ഒ.എന്‍.വി രചിച്ചത്. ഒ.എന്‍.വിയുടെ ഒമ്പത് പ്രണയ കവിതകളുമായാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബമായ പാടുക സൈഗാള്‍ പാടൂ ഇറങ്ങിയത്. ഗസല്‍ മാല, ഓര്‍മകളില്‍ മെഹബൂബ്, ഫിര്‍ വഹി ശ്യാം, മധുരമീ ഗാനം, ഹൃദയരാഗം, അകലെ മൗനം പോല്‍, ഒരു മുഖം മാത്രം, പാര്‍ കെ സപ്ന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ആല്‍ബങ്ങള്‍. 1950ല്‍ ഫോര്‍ട്ടുകൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടില്‍ വീട്ടില്‍ പരേതരായ അബുവിന്റെയും പാത്തുവിന്റെയും മകനായാണ് ഉമ്പായിയുടെ ജനനം. കുട്ടിക്കാലത്ത് തബല വാദകനായാണ് ഉമ്പായി സംഗീത ലോകത്തേക്കെത്തിയത്. പിന്നീട് ഗസലിന്റെ വഴിയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞു. കൊച്ചിക്കാരുടെ ജനപ്രിയ ഗായകനായിരുന്ന എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി. തബലയില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയെന്ന ലക്ഷ്യത്തോടെ മുംബയിലേക്ക് വണ്ടിക യറി. അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ ശിഷ്യനായി.

തബലയെക്കാള്‍ ഉമ്പായിയുടെ മികവ് ആലാപനത്തിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉമ്പായിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. കേരളത്തിലേക്ക് മടങ്ങിയെത്തി ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ തന്നെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. തണുപ്പന്‍ പ്രതികരണമായിരുന്നു തുടക്കത്തില്‍. പതിയെ ഉമ്പായിയുടെ ഗസല്‍ മഴയില്‍ മലയാളികള്‍ അലിയാന്‍ തുടങ്ങി. പിന്നീട് രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ ഉമ്പായി പെയ്യിച്ച ഗസല്‍ മഴ അനുഭവിക്കാന്‍ നിരവധി പേരെത്തി. പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് ഉമ്പായിക്ക് ആ പേരു നല്‍കിയത്. ജോണിന്റെ അമ്മ അറിയാന്‍ സിനിമയില്‍ ഉമ്പായി ഒരു ഗാനം ആലപിച്ചിരുന്നു. പി.എ ഇബ്രാഹിമിനെ മറ്റ് ഇബ്രാഹിമുമാര്‍ക്കിടയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഉമ്പായി എന്ന് സിനിമയുടെ ടൈറ്റിലില്‍ ചേര്‍ക്കുകയായിരുന്നു. രാജ്യത്തുടനീളവും ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ച ഉമ്പായിക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.

chandrika: