X

ഉമ്പായി: ഗസല്‍വഴികളിലെ വിസ്മയ സാന്നിധ്യം

ഡോ. എം.കെ മുനീര്‍

ഗസലിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ സംഗീതപ്രതിഭയായിരുന്നു ഉമ്പായി. മലയാളത്തില്‍ ഗസല്‍ സാധ്യമാക്കിയ അദ്ദേഹം പാട്ടിന്റെ ലോകത്ത് ബദ്ധശ്രദ്ധനായിരുന്നു. ഗസലിന്റെ നിയമങ്ങള്‍ ഒട്ടും തെറ്റിക്കാതെയാണ് അദ്ദേഹം ഗാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ജീവിതത്തില്‍ നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിത്വമായിരുന്നു ഉമ്പായിയുടേത്. ദാരിദ്ര്യവും കഷ്ടപ്പാടും ചെറുപ്പകാല ജീവിതത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. എങ്കിലും സംഗീതത്തിന്റെ വഴിയില്‍ സമ്പന്നനായിരുന്നു അദ്ദേഹം. പല ജോലികളും ചെയ്‌തെങ്കിലും അന്തിമമായി തന്റെ ലോകം സംഗീതമാണെന്ന് തിരിച്ചറിയുകയും അവിടേക്ക് തിരിച്ചെത്തുകയുമായിരുന്നു ഉമ്പായി. മെഹ്്തി ഹസന്‍ ആയിരുന്നു ഉമ്പായി ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന ഗായകന്‍. ഉമ്പായിയുടെ വീട്ടില്‍ മെഹ്്തി ഹസന്റെ ഫോട്ടോ മാത്രമെ തൂക്കിയിരുന്നുള്ളു.
ഒന്നരമാസം മുമ്പാണ് ഉമ്പായിയെ അവസാനമായി കണ്ടത്. അന്നദ്ദേഹം ഒന്നര മണിക്കൂര്‍ സംസാരിച്ചു. അദ്ദേഹം മാത്രമാണ് സംസാരിച്ചത്. ഞാന്‍ ശ്രോതാവായി. രോഗത്തിന്റെ കാര്യങ്ങളൊന്നും പറഞ്ഞില്ല. പറഞ്ഞത് മുഴുവന്‍ സംഗീതത്തിന്റെ വിശേഷങ്ങളായിരുന്നു. ജയകുമാറിന്റെ കവിതകള്‍ ഗസല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെപറ്റിയാണ് സംസാരിച്ചത്. ഇനി ജയകുമാറിന്റെ കവിതകള്‍ പാടിയിട്ട് വേറെ കാര്യം എന്ന നിലയിലായിരുന്നു സംസാരം. അത് എന്റെ അഭിലാഷമാണ് എന്നദ്ദേഹം പറഞ്ഞു. അത്രയും സ്പിരിറ്റായിരുന്നു സംഗീതത്തിന്റെ കാര്യത്തില്‍.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട മെലഡികള്‍ ഗസല്‍ ആക്കി മാറ്റുകയെന്നത് ഉമ്പായിയുടെ മികച്ച സംഭാവനയായിരുന്നു എന്നു പറയേണ്ടിവരും. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ എന്ന ഗാനവും ഇന്ദ്രവല്ലരി പൂ ചൂടിവരും എന്ന പാട്ടും എത്ര ഹൃദ്യവും മനോഹരവുമായാണ് അദ്ദേഹം ആലപിച്ചത്! മലയാളികള്‍ക്ക് അതൊരിക്കലും മറക്കാനാവില്ല. ഞങ്ങളുടെ സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എവിടെക്കണ്ടാലും സൗഹൃദം പുതുക്കും. ചില ഗാനമേളകളില്‍ സദസ്സില്‍ ഞാനുണ്ടെങ്കില്‍ സ്റ്റേജിലേക്ക് വിളിക്കും. പിന്നെ പാടാന്‍ ആവശ്യപ്പെടും. സുറുമയെഴുതിയ മിഴികളെ… എന്ന ഗാനം യൂസഫലി കേച്ചേരിയുടെ സാന്നിധ്യത്തില്‍ ഉമ്പായിയും ഞാനും പാടിയിട്ടുണ്ട്. കുറച്ച് ഞാന്‍ പാടും ബാക്കി ഉമ്പായിയും. ഇത്തരത്തില്‍ സൗഹൃദം മുന്നോട്ട് പോകുമ്പോഴാണ് ഗസല്‍ എഴുതാന്‍ ഉമ്പായി എന്നെ നിര്‍ബന്ധിച്ചത്. ടി.എന്‍ പ്രതാപന്‍, ബിനോയ് വിശ്വം എന്നിവരാണ് എന്നോടൊപ്പം പാട്ടെഴുതാന്‍ ഉണ്ടായിരുന്നത്. എട്ടു പാട്ടുകളാണ് ആ ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. രണ്ടെണ്ണം എന്റേതായിരുന്നു. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ആണ് ആല്‍ബം പുറത്തിറക്കിയത്. ആ പാട്ടുകള്‍ യുട്യൂബിലും മറ്റും ഇപ്പോഴും ആളുകള്‍ കേട്ടുകൊണ്ടിരിക്കുന്നു.
ഹാര്‍മോണിയം ഉമ്പായിക്ക് കേവലം ഒരു സംഗീതോപകരണം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഹാര്‍മോണിയം ഇല്ലാതെ തനിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. സ്വരസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ ഹാര്‍മോണിയം കൂടെയുണ്ടാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഗസല്‍ എന്നു കേള്‍ക്കുമ്പോള്‍ ഉറുദുവിലുള്ള വിഷാദ, പ്രണയഗാനങ്ങളാണ് നമുക്ക് ഓര്‍മവരിക. എന്നാല്‍ അത്രയും വൈകാരികമായി തന്നെ മലയാള ഗസലും അനുഭവിപ്പിക്കുന്നതില്‍ ഉമ്പായി വിജയിച്ചു. രോഗത്തിന്റെ പീഢകള്‍ തളര്‍ത്തുമ്പോഴും അദ്ദേഹം തിരിച്ചുവരവ് ആഗ്രഹിച്ചു. സംഗീതലോകത്ത് ഇനിയും ഏറെ ചെയ്യാനുണ്ട് എന്ന ഉറച്ച ചിന്തയായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാവണം സുഹൃത്തുക്കളോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും അദ്ദേഹം സംഗീതത്തെപറ്റി മാത്രം വാതോരാതെ സംസാരിച്ചത്. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു ഈ കലാകാരന്‍. ഉമ്പായിയുടെ ഗസലുകള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

chandrika: