X

ആള്‍വാര്‍ പശു ഭീകരത: മൃതദേഹം ഉപേക്ഷിച്ചത് തല വെട്ടിമാറ്റിയ ശേഷം

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച് ഉമ്മര്‍ (42) എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയെ കേസില്‍ പിടിയിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. രാംവീര്‍ ഗുജ്ജാര്‍, ഭഗ്‌വാന്‍ സിങ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇരുവരും ഗോ രക്ഷാ സേനാംഗങ്ങളാണെന്ന് ആള്‍വാര്‍ എ.എസ്.പി മൂല്‍ സിങ് റാണ അറിയിച്ചു.

അതേ സമയം ഉമ്മറിനെ വെടിവെച്ചു കൊന്ന ശേഷം മൃതദേഹത്തില്‍ നിന്നും തല വെട്ടി മാറ്റിയ ശേഷമാണ് റെയില്‍വേ ട്രാക്കില്‍ തള്ളിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗ്രാമത്തിലൂടെ ഒഴിഞ്ഞ ട്രക്ക് പോകുന്നത് കണ്ടെന്നും തിരിച്ചു വരുമ്പോള്‍ അതില്‍ പശുക്കള്‍ ഉണ്ടാകുമെന്ന് തങ്ങള്‍ സംശയിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പശുക്കളുമായി വരുമ്പോള്‍ ട്രക്ക് തടയുന്നതിനായി ആദ്യം റോഡില്‍ ആണികള്‍ വിതറുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും ദൂരം ട്രക്ക് ഓടി. ആദ്യം തങ്ങള്‍ക്കു നേരെ ട്രക്കിലുള്ളവരാണ് വെടിയുതിര്‍ത്തതെന്നും പിന്നീട് അവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ കൊലപാതകം, കൊലപാതക ശ്രമം, കലാപമുണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

അതേ സമയം ട്രക്കിലുണ്ടായിരുന്ന ഉമ്മര്‍, താഹിര്‍, ജാവിദ് എന്നിവര്‍ സ്ഥിരം കാലിക്കടത്തുകാരാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഉപയോഗിക്കുന്ന പിക് അപ്പ് ട്രക്ക് യു.പിയില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണെന്നും ഇതിന്റെ നമ്പര്‍ പ്ലേറ്റ് ഒരു ബൈക്കിന്റേതാണെന്നും പൊലീസ് പറയുന്നു. എന്നാല്‍ ദൗസയില്‍ നിന്നും തങ്ങള്‍ വാങ്ങിയ കറവപ്പശുവിനെ കൊണ്ടു പോകും വഴിയാണ് ആക്രമണം നടന്നതെന്നാണ് താഹിറും ജാവിദും പറയുന്നത്.

ഇവരുടെ ഗ്രാമം ക്ഷീര കര്‍ഷകരുടേതാണെന്ന് ഗ്രാമ മുഖ്യന്‍ ഷൗക്കത്തും പറയുന്നു. താഹിറിനും ഉമ്മറിനുമെതിരെ 5-6 കേസുകള്‍ നിലവിലുണ്ടെന്ന് ആള്‍വാര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഉമ്മറിന്റെ മൃതദേഹം തലയറുത്ത് മാറ്റപ്പെട്ട രീതിയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് കുടുംബം അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതുവരെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ല.

chandrika: