X
    Categories: Video Stories

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വെടിവെപ്പ്; അക്രമി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി സ്‌കോളറും വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ വെച്ച് അജ്ഞാതനായ ഒരാള്‍ ഉമറിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയും വെടിവെക്കുകയും ചെയ്യുകയായിരുന്നു. നിലത്തുവീണതിനാല്‍ വെടിയുണ്ടയില്‍ നിന്ന് ഉമര്‍ ഖാലിദ് തലനാരിഴക്ക് രക്ഷപ്പെട്ടു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍, യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ ‘ഖൗപ് സേ ആസാദി’ പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഉമര്‍ ഖാലിദ്.

ക്ലബ്ബിനു പുറത്ത് ടീസ്റ്റാളില്‍ ചായ കുടിക്കുന്നതിനിടെ വെള്ള ഷര്‍ട്ടണിഞ്ഞ ഒരാള്‍ ഉമര്‍ ഖാലിദിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നില്‍ നിന്ന് തള്ളിയ ശേഷം തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. തള്ളിന്റെ ആഘാതത്തില്‍ നിലത്തുവീണതിനാല്‍ വെടി കൊണ്ടില്ല. അക്രമിയെ പിടിക്കാന്‍ ഉമര്‍ ഖാലിദിന്റെ കൂടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയും ഇയാള്‍ വെടിയുതിര്‍ത്തു. പിസ്റ്റള്‍ കൈയില്‍ നിന്ന് തെറിച്ചതിനെ തുടര്‍ന്ന് അക്രമി രക്ഷപ്പെട്ടു.

ഭഗത് സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനസേഷന്‍ നേതാവായ ഉമര്‍ ഖാലിദ് സംഘ് പരിവാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലെ സജീവ സാന്നിധ്യമാണ്. കനയ്യ കുമാര്‍, ഷെഹല റാഷിദ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ ഉമറിനു നേരെ സംഘ് പരിവാര്‍, ഹിന്ദുത്വ സംഘടനകള്‍ വധഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പൊലീസ് ചെയ്തില്ല. ഇതിനിടയിലാണ് ഇപ്പോള്‍ നേരിട്ടുള്ള ആക്രമണമുണ്ടായിരിക്കുന്നത്. റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ ചാനലുകള്‍ ഉമര്‍ ഖാലിദിനും മറ്റ് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കള്‍ക്കുമെതിരായ വിദ്വേഷ പ്രചരണത്തിന് പരസ്യമായി നേതൃത്വം നല്‍കി. അര്‍ണാബ് ഗോസ്വാമി ലൈവ് ഡിബേറ്റിനിടെ ഉമറിനെ രാജ്യദ്രോഹി എന്നു വിളിച്ച് അപമാനിച്ചിരുന്നു.


 

ഉമറിനു നേരെയുള്ള ആക്രമണത്തില്‍ ടീസ്റ്റ സെതല്‍വാദ്, ഷഹല റാഷിദ്, ശിവം വിജ്, ഗൗരവ് പന്ഥി തുടങ്ങി നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: