വഞ്ചിയൂരില്‍ ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ്.
സിപിഎം നേതാവായ വനിതാ കമ്മീഷന്‍ അധ്യക്ഷയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പരാമര്‍ശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ എത്ര ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂര്‍ സംഭവമെന്നും ഉമാ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
തിരുവനന്തപുരം വഞ്ചിയൂരില്‍ ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്.
ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷന്‍ അധ്യക്ഷയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പരാമര്‍ശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്.
നിയമസഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ഞാന്‍ ഒരു അടിയന്തപ്രമേയം അവതരിപ്പിക്കാന്‍ അനുമതി ചോദിച്ചിരുന്നു എങ്കിലും പ്രസ്തുത അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അതിനെ തുടര്‍ന്ന് നിയമസഭയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പ്രസ്തുത അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുക വഴി സര്‍ക്കാര്‍ സ്ത്രീപീഡകര്‍ക്ക് ഒപ്പമാണെന്ന സന്ദേശമാണ് നല്‍കിയത്. അതുകൊണ്ടുതന്നെയാണ് തൊട്ടടുത്ത ദിവസം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ നിഷ്‌ക്രിയ നിലപാടും ഇത്തരം ആക്രമികള്‍ക്ക് സഹായകരമാണ്.
പോലീസും സംസ്ഥാന സര്‍ക്കാരും ഇത്തരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതാണ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂര്‍ സംഭവം.ഇക്കാര്യത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.ഇതിന് ഉത്തരവാദികളായ സ്റ്റേഷനിലെ ഉന്നതരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കണം.ഇതിന്റെ ഉത്തരവാദത്തില്‍ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പിനോ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറുവാന്‍ സാധ്യമല്ല. മാത്രമല്ല സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രാഷ്ട്രീയമായി നിലപാടെടുക്കുന്ന ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ തുടരേണ്ടതുണ്ടോ എന്നും ആലോചിക്കണം