X
    Categories: Newsworld

തെരുവിലിറങ്ങിയ റഷ്യന്‍ സൈനികര്‍ക്കെതിരെ യുക്രെയ്‌നിയന്‍ യുവതി

കീവ്: റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് തെരുവിലിറങ്ങിയതിന് പിന്നാലെ അധിനിവേശത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള യുക്രെയ്‌നിയന്‍ പൗരന്മാര്‍ വ്യാപകമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ടോക്യോ മുതല്‍ ന്യൂയോര്‍ക്ക് വരെ റഷ്യന്‍ എംബസികള്‍ക്ക് മുന്നിലും പൊതുഇടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. യുക്രെയ്ന്‍ തെരുവുകളില്‍ ഇറങ്ങിയ റഷ്യന്‍ സൈനികര്‍ക്കെതിരെ ഒരു യുക്രെയ്‌നിയന്‍ യുവതിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ രാജ്യത്ത് അതിക്രമിച്ച് കയറി എന്താണ് ചെയ്യുന്നതെന്നും ചോദിച്ചുകൊണ്ട് ആയുധധാരികളായ റഷ്യന്‍ സൈനികര്‍ക്ക് നേരെ ചോദ്യം ഉന്നയിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

സ്ത്രീ ആദ്യം സൈനികരോട് ചോദിക്കുന്നു: ‘നിങ്ങള്‍ ആരാണ്?’. ഈ ചോദ്യത്തിന് ‘ഞങ്ങള്‍ക്ക് ഇവിടെ സൈനിക അഭ്യാസങ്ങളുണ്ട്. ദയവായി ഈ വഴിക്ക് പോകുക.’ എന്നതായിരുന്നു റഷ്യന്‍ സൈനികരുടെ മറുപടി. ‘നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്?’ അവര്‍ റഷ്യന്‍ പട്ടാളക്കാരാണെന്ന് അറിഞ്ഞപ്പോള്‍ യുക്രെയ്‌നിലെ തുറമുഖ നഗരമായ ഹെനിചെസ്‌കിലെ സ്ത്രീ ചോദിച്ചു. വലിയ യന്ത്രത്തോക്കുകളും കൈത്തോക്കുകളും ഏന്തിയ സൈനികര്‍ സ്ത്രീയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ ഭയപ്പെടാതെ ‘നിങ്ങള്‍ ഫാസിസ്റ്റുകളാണ്, ഈ തോക്കുകളെല്ലാം ഉപയോഗിച്ച് നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ എന്താണ് ചെയ്യുന്നത്? ഈ വിത്തുകള്‍ എടുത്ത് നിങ്ങളുടെ പോക്കറ്റില്‍ ഇടുക, നിങ്ങള്‍ എല്ലാവരും ഇവിടെ കിടക്കുമ്പോള്‍ സൂര്യകാന്തിയെങ്കിലും വളരും.’ അവര്‍ ഒട്ടും കൂസലില്ലാതെ റഷ്യന്‍ സൈനികരോട് പറഞ്ഞു. യുക്രെയ്‌നിന്റെ ദേശീയ പുഷ്പമാണ് സൂര്യകാന്തി. വഴിയാത്രക്കാരായ ആളുകളാണ് വീഡിയോ ചിത്രീകരിച്ചത്. വലിയ പ്രശംസയാണ് ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Test User: