റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനവും തീപിടിത്തവുമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2 വിമാനങ്ങള്‍ കത്തിനശിച്ചതായും 4 വിമാനങ്ങള്‍ക്ക് കേടുപാടുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.
ആളപായമില്ലെന്നും ആക്രമണ ശ്രമം തടഞ്ഞെന്നും റഷ്യ അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പങ്കില്ലെന്ന് യുക്രെയിന്‍ വ്യക്തമാക്കി. മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിന് മുകളിലെ വ്യോമപാത അടച്ചിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
അടുത്തിടെയായി റഷ്യയെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ബെല്‍ഗ്രോഡിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. യുക്രെയിനില്‍ നിന്ന് 600 ലേറെ കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ സ്‌കോഫ് വിമാനത്താവളം. എസ്‌തോണിയന്‍ അതിര്‍ത്തിയ്ക്കടുത്താണിത്.
അതേസമയം അന്‍പതോളം സൈനികരുമായെത്തിയ 4 യുക്രെയിന്‍ബോട്ടുകള്‍ ബ്ലാക് സീയില്‍ നടന്ന ഓപറേഷനില്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു.