X
    Categories: indiaNews

യുക്രെയ്ന്‍ യുദ്ധം സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല: ആര്‍.ബി.ഐ

മുംബൈ: റഷ്യ – യുക്രെയ്ന്‍ യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ നഷ്ടങ്ങള്‍ വരുത്തില്ലെന്ന് ആര്‍.ബി. ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. മുംബൈയില്‍ വ്യവസായികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണ്. യുദ്ധം കാര്യമായ തിരിച്ചടി സൃഷ്ടിക്കില്ല. നിലവിലെ സ്ഥിതി പ്രവചനാധീതമാണെന്നത് യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഈ ചുരുങ്ങിയ കാലയളവ് മാത്രമല്ല പരിഗണിക്കുക. ഒരു വര്‍ഷത്തേത് ഒന്നാകെയാണ്. അതുകൊണ്ടുതന്നെ വലിയ നഷ്ടമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന ധനക്കമ്മി വര്‍ധിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടു വര്‍ഷത്തിനിടെ 17 ലക്ഷം കോടിയാണ് ആര്‍.ബി.ഐ വിപണിയിലേക്ക് പമ്പു ചെയ്തത്. ആവശ്യമെങ്കില്‍ കൂടുതല്‍ പണം ലഭ്യമാക്കുമെന്നും ശക്തികാന്ത കൂട്ടിച്ചേര്‍ത്തു. വ്യവസായ പ്രമുഖരായ ആദി ഗോദ്രേജ്, സഞ്ജീവ് ബജാജ്, കേകി മിസ്ത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

Chandrika Web: