X

500 ദിനം പിന്നിട്ട് യുക്രെയ്ന്‍-റഷ്യ യുദ്ധം

കീവ്: അഞ്ഞൂറ് ദിവസം പിന്നിടുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം ഇരുഭാഗത്തും നാശനഷ്ടം വിതച്ച് കൂടുതല്‍ അകടകരമായ വഴിത്തിവിലേക്ക് നീങ്ങുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കി അമേരിക്ക യുക്രെയ്‌നെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണ്. കിഴക്കന്‍ മേഖലയിലെ ലൈമാനില്‍ ആറുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്ത് മണിയോടെയാണ് നഗരത്തില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചത്.

യുദ്ധം എത്രകാലം നീണ്ടുപോയാലും യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌നോടൊപ്പം നിലയുറപ്പിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. പോരാട്ടം ശക്തമാണെങ്കിലും ബാഖ്മുതില്‍ ആവശ്യത്തിന് സൈനിക ബലമില്ലാതെ റഷ്യ പ്രയാസം നേരിടുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ സേനയുടെ മനോവീര്യം തകര്‍ന്നതായും മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ സേന ബാഖ്മുത് പിടിച്ചെടുത്തത്. 2022 ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ച ഉടന്‍ റഷ്യന്‍ സേന പിടിച്ചെടുത്ത സ്‌നേക് ഐലന്റില്‍ കീഴടങ്ങാതെ ഉറച്ചുനിന്ന സൈനികരെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അഭിനന്ദിച്ചു. ദ്വീപില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം കൊല്ലപ്പെട്ട സൈനികരുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
യുക്രെയ്ന്‍ അഗ്നിശമന സേനക്ക് 17 അത്യാധുനിക വാഹനങ്ങള്‍ നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്നുള്ള തീ കെടുത്താന്‍ ഇവ സഹായകമാകും. അതേസമയം നാറ്റോ അംഗത്വം നേടാനുള്ള യുക്രെയ്‌ന്റെ നീക്കങ്ങളെ പിന്തുണക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. യുക്രെയ്ന്‍ നാറ്റോ അംഗത്വം അര്‍ഹിക്കുന്നുണ്ടെന്ന് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

webdesk11: