X

യുക്രെയിന്‍ പന്ത് തട്ടാനില്ല

സുറിച്ച്: ലോകകപ്പ് യൂറോപ്പ് പ്ലേ ഓഫില്‍ യുക്രെയിന്റെ മല്‍സരം താല്‍കാലികമായി മാറ്റി. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന രാജ്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഫിഫയാണ് സ്‌ക്കോട്ട്‌ലന്‍ഡുമായുള്ള മല്‍സരം മാറ്റിയത്. ഈ മാസം 24 നായിരുന്നു മല്‍സരം നടക്കേണ്ടത്. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കായി യൂറോപ്പില്‍ നിന്നും പത്ത് ടീമുകളാണ് ഇതിനകം യോഗ്യത നേടിയവര്‍. യൂറോപ്പില്‍ പത്ത് ഗ്രൂപ്പിലെ പത്ത് ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത കരസ്ഥമാക്കിയപ്പോള്‍ ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയാണ്. ഇത്തരത്തില്‍ പ്ലേ ഓഫ് ടിക്കറ്റ് നേടിയവരാണ് യുക്രെയിനും സ്‌ക്കോട്ട്‌ലന്‍ഡും. ദ്വിപാദമായി നടക്കുന്ന ഈ മല്‍സരത്തിലെ വിജയികള്‍ വെയില്‍സും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെ നേരിടും. ഈ പോരാട്ടത്തിലെ വിജയികള്‍ക്കാണ് ഖത്തര്‍ ടിക്കറ്റ്.

യുക്രെയിനെതിരെ യുദ്ധം നടത്തുന്ന റഷ്യയും പ്ലേ ഓഫ് ടീമാണ്. പക്ഷേ അവര്‍ക്കെതിരെ കളിക്കില്ലെന്ന് പ്രധാന പ്രതിയോഗികളായ പോളണ്ട് പ്രഖ്യാപിച്ചിരുന്നു. ഫിഫ ഇത് അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ 2018 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യത്തിന് ഇത്തവണ കളിക്കാന്‍ തന്നെയാവില്ല. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള കരുത്തരെ മറിച്ചിട്ട് ആ ലോകകപ്പില്‍ റഷ്യ പ്രി ക്വാര്‍ട്ടര്‍ കളിച്ചിരുന്നു. യുക്രെയിനുമായുള്ള മല്‍സരം മാറ്റിയതില്‍ എതിര്‍പ്പില്ലെന്ന് സക്കോട്ട്‌ലന്‍ഡ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക്് കളിക്കാനാവില്ല എന്നറിയാം. അവര്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നവരാണെന്നും സ്‌ക്കോട്ട്‌ലന്‍ഡ് വ്യക്തമാക്കി.

Test User: